കൊച്ചി: ജില്ലയിലെ 13 നഗരസഭകളിൽ ഒന്നിൽ പോലും പച്ച തൊടാനാകാതെ ഇടതുപക്ഷം. ആകെയുള്ള 13ൽ 12ഉും യു.ഡി.എഫ് പിടിച്ചപ്പോൾ തൃപ്പൂണിത്തുറ എൻ.ഡി.എ കൈയിലൊതുക്കി. കഴിഞ്ഞതവണ കൈവശമുണ്ടായിരുന്ന കൂത്താട്ടുകുളവും തൃപ്പൂണിത്തുറയും നഷ്ടമായത് ഇടതിന് കനത്ത തിരിച്ചടിയായി.
തൃപ്പൂണിത്തുറയിൽ 21 സീറ്റുകളുമായി എൻ.ഡി.എ മുന്നിലെത്തിയപ്പോൾ എൽ.ഡി.എഫിന് കിട്ടിയത് 20. യു.ഡി.എഫിന് 12 സീറ്റിലേ വിജയിക്കാനായുള്ളൂ.
കഴിഞ്ഞ ഭരണത്തിന്റെ അവസാന കാലത്ത് സി.പി.എം വിട്ട് കോൺഗ്രസ് തട്ടകത്തിലെത്തിയ കല രാജുവിലൂടെ കൂത്താട്ടുകുളത്ത് ഭരണം പിടിച്ച യു.ഡി.എഫിന് ആ ഭരണം തുടരാൻ സാധിച്ചു. 12സീറ്റുണ്ടായിരുന്ന ഇടതിന് ഇത്തവണ 8 മാത്രം. യു.ഡി.എഫ് 11ൽ നിന്ന് 16ലേക്ക് കുതിച്ചു.
എന്നും വിവാദങ്ങളിൽ നിറഞ്ഞുനിന്ന തൃക്കാക്കരയിൽ സ്വതന്ത്രനുൾപ്പെടെ 27 പേരും വിജയിച്ചതോടെ യു.ഡി.എഫിന് ആശ്വാസമായി. കഴിഞ്ഞ തവണത്തെ 19-13 എന്ന കക്ഷിനില ഇത്തവണ യു.ഡി.എഫ്- 27, എൽ.ഡി.എഫ്-19 എന്നിങ്ങനെയായി. ട്വന്റി-20 കാക്കനാട് വാർഡിൽ മിന്നും വിജയം നേടി അക്കൗണ്ട് തുറന്നു. റെനി തോമസ് കോൺഗ്രസിലെ നസിയ ലത്തീഫിനെയാണ് പരാജയപ്പെടുത്തിയത്.
കോതമംഗലത്തും പിറവത്തും ഓരോസീറ്റുകളുമായി എൻ.ഡി.എ അക്കൗണ്ട് തുറന്നു. പിറവത്ത് സ്വതന്ത്രർ ഉൾപ്പെടെ നാലു സീറ്റുകളിലേക്ക് എൽ.ഡി.എഫ് ഒതുങ്ങി. കലമ്പൂർ വെസ്റ്റിൽ അഡ്വ. ജൂലി സാബുവിനെ മാത്രമാണ് ഇടതിന് പാർട്ടി ചിഹ്നത്തിൽ 23 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനായത്. കോതമംഗലത്ത് കഴിഞ്ഞ തവണ ആറ് സീറ്റുണ്ടായിരുന്ന എൽ.ഡി.എഫ് ഇത്തവണ നാലിലേക്ക് ഒതുങ്ങി. യു.ഡി.എഫിന്റെ സീറ്റുനില 20ലേക്കും കുതിച്ചു.
പെരുമ്പാവൂരിൽ കഴിഞ്ഞ തവണ രണ്ടു സീറ്റുകളുണ്ടായിരുന്ന എൻ.ഡി.എ അത് നിലനിറുത്തി. എൽ.ഡി.എഫ് 10 സീറ്റുകളിലേക്ക് ഒതുങ്ങി. യു.ഡി.എഫ് 15 സീറ്റുകളിലേക്കെത്തി. സമനിലയിലും ഭരണം പിടിച്ച ഏലൂരിൽ ഇത്തവണ എൽ.ഡി.എഫിന് പാടെ പാളി. 11 ഇടത്ത് യു.ഡി.എഫും. ഏഴിടത്ത് എൽ.ഡി.എഫും. എൻ.ഡി.എയ്ക്ക് ആറിൽ നിന്ന് സീറ്റൊന്ന് കുറഞ്ഞ് അഞ്ചായി.
മറ്റ് നഗരസഭകളിലെ സീറ്റുകൾ
(നഗരസഭ, യു.ഡി.എഫ്,എൽ.ഡി.എഫ്, എൻ.ഡി.എ, മറ്റുള്ളവ എന്ന കണക്കിൽ)
കളമശേരി----28, ----11, -----01, ------06
അങ്കമാലി---- 12,----09,-----02,-----08
ആലുവ----16,----02----04------04
മരട്----19-----07----00----09
കൂത്താട്ടുകുളം-----16----08----00----02
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |