
തിരുവനന്തപുരം: തലസ്ഥാന നഗരസഭയില്‍ ഭരണം പിടിച്ചെടുത്ത ബിജെപിയെ അഭിനന്ദിച്ച് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ബിജെപിയെ അഭിനന്ദിച്ചത്. കേരളത്തിലെ ജനഹിതം വ്യക്തമാണെന്നും ജനാധിപത്യത്തിന്റെ ചൈതന്യം തിളങ്ങുകയാണെന്നും ശശി തരൂര്‍ കുറിച്ചു.
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഉടനീളം ശ്രദ്ധേയമായ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിച്ച അദ്ദേഹം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതൊരു വലിയ അംഗീകാരവും ശക്തമായ സൂചനയുമാണെന്നും കൂട്ടിച്ചേര്‍ത്തു. കഠിനാധ്വാനം, ശക്തമായ സന്ദേശം, നിലവിലെ ഭരണത്തിനെതിരായ വികാരം എന്നിവയെല്ലാം 2020-നെ അപേക്ഷിച്ച് മികച്ച ഫലം നേടുന്നതിന് വ്യക്തമായി സഹായിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ബിജെപിയുടെ ചരിത്രപരമായ പ്രകടനത്തെ ഞാന്‍ അഭിനന്ദിക്കുന്നു, കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവരുടെ തകര്‍പ്പന്‍ വിജയത്തിന് വിനയപൂര്‍വമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു- ഇത് തലസ്ഥാനത്തെ രാഷ്ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയമായ മാറ്റം കുറിക്കുന്ന ശക്തമായ പ്രകടനമാണ്. 45 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിലെ തെറ്റായ ഭരണത്തില്‍നിന്നുള്ള പരിവര്‍ത്തനത്തിനായി ഞാന്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, വോട്ടര്‍മാര്‍ ഒടുവില്‍ ഭരണമാറ്റം ആവശ്യപ്പെട്ട മറ്റൊരു പാര്‍ട്ടിയെ അംഗീകരിച്ചു.'
'അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മൊത്തത്തിലുള്ള യുഡിഎഫ് വിജയത്തെയോ എന്റെ മണ്ഡലത്തിലെ ബിജെപിയുടെ വിജയത്തെയോ, ആര് വിജയിച്ചാലും ജനവിധിയെ മാനിക്കണം.'- തരൂര്‍ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |