രണ്ടിടത്തും എൻ.ഡി.എ മുന്നേറ്റം 12-12
ഒറ്റപ്പാലം: ഷൊർണൂർ, ഒറ്റപ്പാലം നഗരസഭകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എൽ.ഡി.എഫ്. ഷൊർണൂർ നഗരസഭയിൽ ആകെയുള്ള 35 വാർഡിൽ 17 സീറ്റ് നേടിയാണ് എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവുണ്ടെങ്കിലും എൽ.ഡി.എഫ് ഭരണം നിലനിറുത്തുമെന്നാണ് കണക്കാക്കുന്നത്. സി.പി.എമ്മിനോട് അകന്ന് കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച മുൻ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ.വി.നിർമ്മലയുടെ നിലപാട് ഷൊർണൂരിൽ നിർണ്ണായകമാവും. ഷൊർണൂർ നഗരസഭയിൽ മികച്ച മുന്നേറ്റം നടത്തിയ എൻ.ഡി.എ മുന്നണി12 വാർഡിൽ വിജയിച്ച് സീറ്റ് നില വർദ്ധിപ്പിച്ചു. സി.പി.എമ്മിന് കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റിന്റെ വർദ്ധന ഉണ്ടായപ്പോൾ, ബി.ജെ.പി 9ൽ നിന്ന് 12ലെത്തി. കോൺഗ്രസ് നാല് സീറ്റുകളിലേക്ക് ഒതുങ്ങി. എസ്.ഡി.പി.ഐയുടെ ഷൊർണൂർ നഗരസഭയിൽ പത്ത് വർഷമായി ഉണ്ടായിരുന്ന അക്കൗണ്ട് ഇത്തവണ പൂട്ടി എന്നതും ശ്രദ്ധേയം. 12 വാർഡിൽ സി.പി.എമ്മിന് പിന്നിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി എന്നതും ശ്രദ്ധേയം.
ഒറ്റപ്പാലം നഗരസഭയിൽ ആകെ 39 വാർഡുകളിൽ എൽ.ഡി.എഫ് 19 സീറ്റിലും, എൻ.ഡി.എ 12 സീറ്റിലും, യു.ഡി.എഫ് ഏഴ് സീറ്റിലും വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച കെ.ബി.ശശികുമാറും വിജയം നേടി. കഴിഞ്ഞ നഗരസഭ കൗൺസിലിൽ ബി.ജെ.പിക്ക് ഒമ്പത് കൗൺസിലർമാരാണുണ്ടായിരുന്നത്. ഇത്തവണ 12 ആക്കി ഉയർത്തി. കോൺഗ്രസിന്റെ കുത്തക സീറ്റുകളായ തെന്നടി ബസാർ, തോട്ടക്കര പോസ്റ്റ് ഓഫീസ് വാർഡുകൾ കോൺഗ്രസിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്തതും ശ്രദ്ധേയമായി. സി.പി.എമ്മിൽ നിന്നും ഒരു സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു. ഒരു സീറ്റിന്റെ കുറവിൽ വ്യക്തമായ ഭൂരിപക്ഷം നേടിയില്ലെങ്കിലും ഒറ്റപ്പാലത്തും, ഷൊർണൂരും എൽ.ഡി.എഫ്. ഭരണത്തുടർച്ചയുണ്ടാവും എന്ന് തന്നെ ഉറപ്പിക്കാം. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും നിലവിലെ എൽ.ഡി.എഫ് ഭരണസമിതികൾ രണ്ടിടത്തും അഞ്ച് വർഷം കാര്യമായ പ്രതിസന്ധികളില്ലാതെ ഭരണം നയിച്ചതും എടുത്ത് പറയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |