
തൃശൂർ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തൃശൂർ കോർപറേഷൻ തിരിച്ചുപിടിച്ചും പഞ്ചായത്തുകളിൽ മുന്നേറിയും തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കരുത്തുകാട്ടി. അതേസമയം ഏഴ് മുനിസിപ്പാലിറ്റികളിൽ അഞ്ചും ഇടതുമുന്നണി നിലനിറുത്തി. ജില്ലാ പഞ്ചായത്തിലും ബ്ളാേക്കിലും അൽപ്പം പിന്നിലായെങ്കിലും ശക്തമായ പോരാട്ടം എൽ.ഡി.എഫും കാഴ്ചവച്ചു. കോർപറേഷനിൽ എട്ട് സീറ്റ് നേടിയ എൻ.ഡി.എ മുനിസിപ്പാലിറ്റികളിൽ സാന്നിദ്ധ്യമറിയിച്ചു. കോർപറേഷനിലും പഞ്ചായത്തുകളിലുമെല്ലാമുണ്ടായ യു.ഡി.എഫ് മുന്നേറ്റം ഒത്തൊരുമയോടെയുള്ള പ്രവർത്തനഫലമായി. കഴിഞ്ഞതവണ നഷ്ടപ്പെട്ട ഒട്ടേറെ സീറ്റും അവർ തിരിച്ചുപിടിച്ചു. എൽ.ഡി.എഫും എൻ.ഡി.എയും പ്രഖ്യാപിക്കും മുമ്പ് കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചായിരുന്നു യു.ഡി.എഫ് കളത്തിലിറങ്ങിയത്.
പ്രചാരണം കൊഴുത്തു, പക്ഷേ...
ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയുമെല്ലാം നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഒരു പോലെ പ്രചാരണായുധമായി. പ്രചാരണം കൊഴുപ്പിച്ചതും അതായിരുന്നു. പക്ഷേ, പ്രാദേശിക വിഷയങ്ങൾ മുന്നണികൾക്ക് കാര്യമായി ചർച്ചയാക്കാനായില്ല. നേതാക്കളും പ്രവർത്തകരും ഭിന്നസ്വരങ്ങളില്ലാതെ പ്രവർത്തിച്ചപ്പോൾ വിജയം അനായാസമായി. കോർപറേഷനിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈയായിരുന്നു എൻ.ഡി.എയുടെ പ്രതീക്ഷ. പുതുമുഖങ്ങളെയടക്കം രംഗത്തിറക്കി വൻ പ്രചാരണം നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. സുരേഷ് ഗോപിയും സജീവമായിരുന്നു.
ഭരണചിത്രം വ്യക്തം
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോർപറേഷനിൽ ഇടത്-വലത് മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായിരുന്നു. കോൺഗ്രസ് വിമതൻ ഒപ്പം നിന്നപ്പോഴാണ് എൽ.ഡി.എഫ് ഭരണം നേടിയത്. എന്നാൽ ഇത്തവണ ഭരണചിത്രം വ്യക്തമായി. പഞ്ചായത്തുകളിൽ ആറെണ്ണം സമനിലയിലാണ്.
പ്രതികരണങ്ങൾ
തിരഞ്ഞെടുപ്പ് ഫലം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചനയാണ്. യു.ഡി.എഫ് നടത്തിയ ചിട്ടയായ പ്രവർത്തനമാണ് യു.ഡി.എഫിന്റെ മുന്നേറ്റത്തിന് കാരണം. ജനങ്ങളെ കേൾക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്ത് നാളുകളായി യു.ഡി.എഫിന്റെ മുതിർന്ന നേതാക്കൾ മുതൽ പ്രവർത്തകർ വരെയുള്ളവർ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് വലിയ ഭൂരിപക്ഷത്തിലുള്ള വിജയം.
-ടി.വി.ചന്ദ്രമോഹൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൻ.ഡി.എക്ക് മികച്ച മുന്നേറ്റം കൈവരിക്കാൻ സാധിച്ചു. എല്ലാ നഗരസഭകളിലും പ്രാതിനിധ്യം. കോർപറേഷനിൽ സീറ്റ് നില ഉയർന്നു. പല ഡിവിഷനുകളിലും രണ്ടാം സ്ഥാനത്തെത്തി. ജില്ലയിൽ നിലവിൽ ഉണ്ടായിരുന്ന ജനപ്രതിനിധികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്.
-ജസ്റ്റിൻ ജേക്കബ്, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ്.
തൃശൂർ കോർപറേഷനിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. എന്തുകൊണ്ട് പരാജയം സംഭവിച്ചു എന്നത്
സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കും. ജില്ലയിൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ മികച്ച പ്രകടനമാണ് എൽ.ഡി.എഫ് കാഴ്ചവച്ചത്. ഏഴിൽ അഞ്ച് നഗരസഭകളിലും നല്ല വിജയമാണുണ്ടായത്.
-കെ.വി.അബ്ദുൾ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി.
ചാലക്കുടിയിൽ യു.ഡി.എഫ് മുന്നേറ്റം
പൈലപ്പന്റെ തോൽവിയിൽ യു.ഡി.എഫിന് ക്ഷീണം
ചാലക്കുടി: ചാലക്കുടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് വലിയ മുന്നേറ്റം. നഗരസഭയിലും കോടശേരി പഞ്ചായത്തിലും ഭരണം നിലനിറുത്തുകയും കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും ചെയ്ത യു.ഡി.എഫ് ചരിത്ര നേട്ടമാണ് കൈവരിച്ചത്. ബ്ലോക്ക് പഞ്ചായത്തും പത്ത് സീറ്റുകളോടെ യു.ഡി.എഫ് നിലനിർത്തി. മേലൂർ, അതിരപ്പിള്ളി, പരിയാരം പഞ്ചായത്തുകൾ നിലനിർത്തിയതാണ് എൽ.ഡി.എഫിന് ആശ്വാസം.
നഗരസഭയിൽ വി.ഒ.പൈലപ്പന്റെ പരാജയം യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥി വിത്സൻ പാണാട്ടുപറമ്പിൽ വിജയിച്ചു. ചെയർമാൻ ഷിബു വാലപ്പന് കാരക്കുളത്തുനാട് വാർഡിൽ നാല് വോട്ടുകളുടെ ഭൂരിപക്ഷവും, മൈത്രി നഗറിൽ വിമതൻ വിൽഫി ജോർജ് ഒന്നാമതെത്തിയതും യു.ഡി.എഫിന്റെ വിജയത്തിന് മങ്ങലേറ്റു. പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, കെ.ഐ.അജിതൻ എന്നിവരുടെ തോൽവി എൽ.ഡി.എഫിന് ക്ഷീണമായി. എങ്കിലും കഴിഞ്ഞ തവണ അഞ്ചിൽ ഒതുങ്ങിയ അവർ പതിമൂന്ന് സീറ്റിലെത്തിയത് നേട്ടമായി. കാടുകുറ്റിയും കൊരട്ടിയുമാണ് എൽ.ഡി.എഫിന് കനത്ത തോൽവി സമ്മാനിച്ചത്. കാടുകുറ്റിയിൽ ഇടത് വെറും രണ്ട് സീറ്റിലും കൊരട്ടിയിൽ നാലിലും ഒതുങ്ങി. കൊരട്ടി, അതിരപ്പിള്ളി ജില്ലാ പഞ്ചായത്തും യു.ഡി.എഫിന് ഒപ്പം നിന്നു. ഇതിൽ കൊരട്ടി എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തതാണ്.
കക്ഷി നില (നഗരസഭ)
ആകെ സീറ്റ് 37
യു.ഡി.എഫ് 22
എൽ.ഡി.എഫ് 12
എൻ.ഡി.എ 01
മറ്റുള്ളവർ 02
കൊടുങ്ങല്ലൂർ പിടിച്ച് എൽ.ഡി.എഫ്.
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ നഗരസഭ ഭരണം വീണ്ടും ഇടതുമുന്നണിക്ക്. നഗരസഭയിലെ 46 വാർഡിൽ 25 വാർഡിലും സി.പി.ഐ - സി.പി.എം സഖ്യം വിജയം കൊയ്തു. 2020ൽ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ ഭരണത്തിൽ കേറാതെ പോയ ബി.ജെ.പി ഇത്തവണ ഏറെ വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ ബി.ജെ.പിക്ക് കാലിടറി. 45 സീറ്റിലും സർവസന്നാഹങ്ങളോടെ, പ്രചാരണരംഗത്ത് വന്ന ബി.ജെ.പി 21ൽ നിന്നും 18 ലേക്ക് ഒതുങ്ങി.
അഞ്ച് വാർഡിൽ ബി.ജെ.പി പരാജയപ്പെട്ടപ്പോൾ യു.ഡി.എഫ് നേട്ടമുണ്ടാക്കി. ഒന്നിൽ മാത്രം വിജയിച്ച യു.ഡി.എഫ് ഇത്തവണ മൂന്ന് സീറ്റ് നേടി. 25 സീറ്റോടെ ഇടതു മുന്നണി ഭരണത്തിലേറുമ്പോൾ മുന്നണിയിലെ സി.പി.ഐക്ക് ഏറെ അവകാശപ്പെടാൻ ഒന്നുമില്ല. സി.പി.ഐ ചെയർമാൻ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്ന മുതിർന്ന നേതാക്കൾ ഉൾപ്പെടെ നാല് പേർ തോറ്റു. സി.പി.ഐക്ക് ഇപ്പോൾ എട്ട് സീറ്റും സി.പി.എമ്മിന് 17 സീറ്റുമാണ് ലഭിച്ചത്. ബി.ജെ.പിയിൽ നിന്നാണ് യു.ഡി.എഫ്
ഒരു സീറ്റ് പിടിച്ചെടുത്തത്.
കക്ഷി നില
ആകെ സീറ്റ് 46
എൽ.ഡി.എഫ് 25
എൻ.ഡി.എ 18
യു.ഡി.എഫ് 3
എൻ.ഡി.എയ്ക്ക് ഇനി മുസ്ളീം
വിഭാഗത്തിൽ നിന്നും കൗൺസിലർ
തൃശൂർ : കണ്ണംകുളങ്ങരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി മുംതാസിന്റെ വിജയത്തിന് തിളക്കമേറെ. കോർപ്പറേഷനിലെ എൻ.ഡി.എയുടെ ഏക മുസ്ലീം സ്ഥാനാർത്ഥിയായ മുംതാസ് യു.ഡി.എഫിന്റെ സീറ്റ് പിടിച്ചെടുത്താണ് വിജയം കൈവരിച്ചത്. മുകേഷ് കൂളപറമ്പിലായിരുന്നു സിറ്റിംഗ് കൗൺസിലർ. മുതാംസ് 973 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു. എൽ. ഡി.എഫിന് 896 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫിന് 709 വോട്ടാണ് ലഭിച്ചത്. 77 വോട്ടിന്റെ ഭൂരിപക്ഷമാണ് മുംതാസിന് ലഭിച്ചത്.
ചരിത്ര വിജയം കുറിച്ച് എം.എൽ.റോസി
തൃശൂർ: നിലവിലെ ഡെപ്യുട്ടി മേയറും കാളത്തോട് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന എം.എൽ.റോസി തുടർച്ചയായി ഏഴാം തവണയും വിജയിച്ചു. മുനിസിപ്പാലിറ്റിയിലും പിന്നീട് കോർപറേഷൻ രൂപീകരിച്ചതു മുതലും എം.എൽ.റോസി കൗൺസിലിൽ ഉണ്ട്. ഇത്തവണ 601 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 1701 വോട്ട് റോസി നേടിയപ്പോൾ യു.ഡി.എഫിലെ ലീല ടീച്ചർ 1195 വോട്ടാണ് നേടിയത്. മഹിള മോർച്ച ജില്ലാ പ്രസിഡന്റ് കൂടിയായ എൻ.ഡി.എയുടെ ശീതൾ രാജിന് 89 വോട്ട് മാത്രമാണ് ലഭിച്ചത്.
പ്രതീക്ഷിച്ച നേട്ടമില്ലാതെ എൻ.ഡി.എ
തൃശൂർ: കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് സീറ്റ് കൂടുതൽ നേടിയെങ്കിലും എൻ.ഡി.എയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂർ കോർപറേഷൻ പരിധിയിൽ 34 ഡിവിഷനിൽ ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു എൻ.ഡി.എയുടെ പ്രവർത്തനം. നിലവിലെ സിറ്റിംഗ് സീറ്റുകളിൽ പൂങ്കുന്നം, പാട്ടുരായ്ക്കൽ, കോട്ടപ്പുറം, തേക്കിൻക്കാട്, കൊക്കാലെ സീറ്റുകൾ നിലനിറുത്തിയപ്പോൾ അയ്യന്തോൾ സീറ്റ് നഷ്ടമായി. എന്നാൽ, പുതുതായി രൂപീകരിച്ച തിരുവമ്പാടി, കണിമംഗലം, കണ്ണംകുളങ്ങര സീറ്റുകൾ കരസ്ഥമാക്കി. കണ്ണംകുളങ്ങര യു.ഡി.എഫിൽ നിന്ന് തിരിച്ചു പിടിച്ചു. തേക്കിൻക്കാട് ഡിവിഷനിൽ നിന്ന് വിജയിച്ച പൂർണിമ സുരേഷ് തുടർച്ചയായി മൂന്നാം തവണയാണ് കൗൺസിലറാകുന്നത്. 2015ൽ കോട്ടപ്പുറം ഡിവിഷനിൽ നിന്ന് വിജയിച്ച അവർ 2020ൽ തേക്കിൻക്കാട്ടിൽ നിന്ന് വിജയിച്ചിരുന്നു. വിൻഷി നേരത്തെ കണ്ണംകുളങ്ങര കൗൺസിലറായിരുന്നു. ബി.ജെ.പി തുടർച്ചയായി വിജയിച്ച് വരുന്ന പൂങ്കുന്നം രഘുനാഥ് സി.മേനോൻ നിലനിറുത്തി. പാട്ടുരായ്ക്കലിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഡെപ്യുട്ടി മേയറാകുമെന്ന് കരുതിയിരുന്ന ജോൺ ഡാനിയലിനെയാണ് കൃഷ്ണമോഹൻ പരാജയപ്പെടുത്തിയത്.
സ്വർണക്കൊള്ളയും
ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു'
തൃശൂർ: കോർപറേഷനിലെ വികസനം ജനങ്ങൾ തിരിച്ചറിയാതെ പോയതാണ് എൽ.ഡി.എഫിന്റെ പരാജയ കാരണമെന്ന് മേയർ എം.കെ.വർഗീസ്. പ്രാദേശിക വികസനത്തിന് അപ്പുറം ശബരിമല സ്വർണക്കൊള്ളയും സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും തിരഞ്ഞെടുപ്പിൽ അലയടിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
'ഞാൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വിധമുള്ള പ്രചാരണം തിരിച്ചടിയായില്ല. ബി.ജെ.പി അക്കൗണ്ടിൽ കേന്ദ്രമന്ത്രിയായ ഒരാളുടെ പ്രവർത്തനം കൊണ്ട് അവർക്ക് വേണ്ടവിധമുള്ള മുന്നേറ്റം ഉണ്ടായിട്ടുണ്ടോ? വികസനത്തേക്കാൾ വലുതായാണ് 500 കോടിയുടെ ശബരിമലക്കൊള്ളയെല്ലാം ജനങ്ങൾ കണ്ടത്.' - എം.കെ. വർഗീസ് പറഞ്ഞു.
'തന്റെ വാർഡായ നെട്ടിശ്ശേരി, പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന സ്ഥലമാണ്. പരമ്പരാഗത കോൺഗ്രസുകാരനായ തന്നോട് ചെയ്ത പ്രവൃത്തിയിലുള്ള വിരോധമാണ് വോട്ടർമാർ കഴിഞ്ഞ തവണ പ്രകടിപ്പിച്ചതെ'ന്നും എം.കെ.വർഗീസ് കേരളകൗമുദിയോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |