കോഴിക്കോട്: അര നൂറ്റാണ്ടോളം കോഴിക്കോട് കോർപ്പറേഷൻ ഭരിച്ച എൽ.ഡി.എഫിന് യു.ഡി.എഫും എൻ.ഡി.എയും ഉയർത്തുക കനത്ത വെല്ലുവിളി. ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടിയതും എൽ.ഡി.എഫിനേറ്റ ആഘാതമായി. കോർപ്പറേഷനിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്തത് ഭരണത്തിൽ അനിശ്ചിതത്വത്തിനിടയാക്കുമെന്ന് ആശങ്കയുണ്ട്.
കോഴിക്കോട് കോർപ്പറേഷനിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും മേയർ സ്ഥാനാർത്ഥികൾ തോറ്റത് ഇരുമുന്നണികൾക്കും തിരിച്ചടിയായി. കഴിഞ്ഞ കൗൺസിലിൽ ഡെപ്യൂട്ടി മേയറായിരുന്ന എൽ.ഡി.എഫിലെ മുസാഫർ അഹമ്മദും കെ.പി.സി.സി.ജനറൽ സെക്രട്ടറി കൂടിയായ യു.ഡി.എഫിലെ അഡ്വ.പി.എം.നിയാസുമാണ് തോറ്റത്. കോർപ്പറേഷനിൽ എൻ.ഡി.എ മികച്ച പ്രകടനം നടത്തി. ഏഴ് സീറ്റിൽ നിന്ന് 13 ആയി. കോർപ്പറേഷനിൽ 2020ൽ 51 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫാണ് ഇത്തവണ 35ലേക്ക് കൂപ്പുകുത്തിയത്. 17ൽ നിന്ന് 28ലേക്ക് സീറ്റ് വർദ്ധിപ്പിച്ച് യു.ഡി.എഫും ഏഴിൽ നിന്ന് 13ലേക്കുയർന്ന് എൻ.ഡി.എയും ഞെട്ടിച്ചു. കോഴിക്കോട് കുറ്റിച്ചിറ വാർഡിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്ലിയ ജയിച്ചത് യു.ഡി.എഫിലെ സ്ത്രീ പ്രാതിനിദ്ധ്യത്തെ അർത്ഥവത്താക്കി. മുനിസിപ്പാലിറ്റികളിൽ നാലിടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫുമെന്ന 2020ലെ സ്ഥിതി ആവർത്തിച്ചു. ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, പയ്യോളി എന്നിവയിൽ യു.ഡി.എഫും വടകര, മുക്കം, കൊയലാണ്ടി എന്നിവയിൽ യു.ഡി.എഫും തുടരും. മുക്കം മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിന് കഴിഞ്ഞ തവണ പന്ത്രണ്ടും എൻ.ഡി.എയ്ക്ക് രണ്ടും സീറ്റുണ്ടായിരുന്നത് ഇത്തവണ ഇരു കൂട്ടർക്കും ഓരോ സീറ്റ് കുറഞ്ഞു. കഴിഞ്ഞതവണ വെൽഫയർ പാർട്ടി മൂന്ന് സീറ്റ് നേടിയത് ഇത്തവണ നാലായി. എസ്.ഡി.പി.ഐയ്ക്ക് വടകരയിലുണ്ടായിരുന്നു ഒരു സീറ്റ് നഷ്ടപ്പെട്ടു. 12 ബ്‌ളോക്ക് പഞ്ചായത്തുകളിൽ എട്ടെണ്ണം എൽ.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും നേടി. രണ്ടെണ്ണത്തിൽ സമനിലയാണ്. ബ്‌ളോക്ക് പഞ്ചായത്തിലെ വിജയമാണ് എൽ.ഡി.എഫിന് തെല്ലൊരാശ്വാസമായത്. പഞ്ചായത്തുകളിലും യു.ഡി.എഫ് മേൽക്കൈ നേടി.
വരുമോ അവിശ്വാസം?
കോർപ്പറേഷനിൽ എൽ.ഡി.എഫിന് ഭരണത്തിലേറാമെങ്കിലും യു.ഡി.എഫിന് അവിശ്വാസ പ്രമേയം കൊണ്ടുവരാം. എൻ.ഡി.എ പിന്തുണച്ചാൽ വീണ്ടും തിരഞ്ഞെടുപ്പലേക്ക് പോകും. അവിശ്വാസ പ്രമേയത്തിന് ബി.ജെ.പിയുടെ പിന്തുണ കോൺഗ്രസ് തേടുമോ എന്നതാണ് മറ്റൊരു വിഷയം. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനടക്കമുള്ള താക്കോൽ സ്ഥാനങ്ങൾ നൽകി പരസ്പരധാരണയിൽ എൽ.ഡി.എഫും യു.ഡി.എഫും മുന്നോട്ടു പോകുമോ എന്ന് കണ്ടറിയണം. യു.ഡി.എഫിനെ എൻ.ഡി.എ പിന്തുണയ്ക്കാനുള്ള സാദ്ധ്യതയും രാഷ്ട്രീയനിരീക്ഷകർ തള്ളിക്കളയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |