
കാഴ്‌ചയിൽ അധികം വലിപ്പം ഇല്ലാത്ത പാമ്പുകളാണ് മലബാർ പിറ്റ് വൈപ്പറുകൾ അഥവാ കാട്ടു കുഴിമണ്ഡലി.. പശ്ചിമഘട്ട മലനിരകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇവയുടെ കടിയേൽക്കുന്നത് അപകടകരമല്ലെന്നാണ് പൊതുധാരണ. എന്നാൽ അങ്ങനെയല്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പേശികളിലെ മർദ്ദം വർദ്ധിക്കൽ, രക്തയോട്ടം തടസ്സപ്പെടൽ, രക്തം കട്ടപിടിക്കാതിരിക്കൽ, ഓക്സിജൻ ലഭ്യത കുറയൽ, വേദന, നാഡികളുടെ തകരാർ എന്നിവയ്‌ക്ക് മലബാർ പിറ്റ് വൈപ്പറിന്റെ വിഷം കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
2018 മുതൽ 2024 വരെ തീരദേശ കർണാടകയിലെ 16 കേസുകൾ പഠനവിധേയമാക്കിയപ്പോൾ അതിൽ 50% രോഗികൾക്ക് രക്തം കട്ടപിടിക്കാതിരിക്കുന്നതിനും 25% പേർക്ക് വൃക്ക തകരാറുകൾക്കും ഈ പാമ്പിന്റെ വിഷം കാരണമായി. മണിപ്പാലിലെ കസ്‌തൂർബ മെഡിക്കൽ കോളേജിലെ സെന്റർർ ഫോർ വൈൽഡർനസ് മെഡിസിനിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനംനടത്തിയത്.
പരമാവധി മൂന്നടി ( 90 സെന്റീമീറ്റർ) വരെയാണ് മലബാർ പിറ്റ് വൈപ്പറിന്റെ വലിപ്പം. സാമാന്യം ചെറുതായതുകൊണ്ട് തന്നെ പെട്ടെന്ന് കണ്ണിൽ പെടാനുള്ള സാദ്ധ്യത വളരെ കുറവാണ്. നാട്ടിൻ പ്രദേശങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം കുറവാണെങ്കിലും കാടിനുള്ളിൽ ഇവ ധാരാളമായി കാണപ്പെടുന്നു. അതിനാൽ കാടുകളിൽ വിനേദസഞ്ചാരത്തിന് പോകുന്നവർ കൂടുതൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
മറ്റ് പറ്റ് വൈപ്പറുകൾക്കുള്ള ആന്റിവെനമുണ്ടെങ്കിലും ഈ പാമ്പുകൾക്കുള്ള ഫലപ്രദമായ ആന്റിവെനം കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ ഉപയോഗിക്കുന്ന ആന്റിവെനം ഇവയുടെ വിഷം പൂർണമായി ഇല്ലാതാക്കില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മലബാർ പിറ്റ് വൈപ്പർ വിഷബാധയുടെ വീര്യത്തെക്കുറിച്ച് അവബോധം വളർത്തേണ്ടത് അത്യാവശ്യമാണെന്ന് പഠനം പറയുന്നു. പലരും ഇപ്പോഴും ഈ പാമ്പിനെ നിസാരമായാണ് കാണുന്നത്. കടിയേറ്റാൽ ഉടൻ തന്നെ വൈദ്യ പരിചരണം തേടേണ്ടത് ആവശ്യമാണ്. വ്യക്തികളുടെ ശാരീരിക അവസ്ഥയനുസരിച്ച് വിഷബാധമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വ്യത്യാസപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |