
കൊച്ചി: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് 20, 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നുമുള്ള എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും പങ്കെടുക്കുന്ന കൾച്ചറൽ കോൺഗ്രസിന് ആദ്യമായാണ് കേരളം വേദിയാകുന്നതെന്ന് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡർബാർഹാൾ ഗ്രൗണ്ട്, രാജേന്ദ്ര മൈതാനം, ലളിതകല അക്കാഡമി, ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം, സുഭാഷ് പാർക്ക്, ഫൈൻ ആർട്സ് ഹാൾ തുടങ്ങി 8 വേദികളിലായി മൂന്ന് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവത്തിൽ സംവാദങ്ങൾ, കലാപരിപാടികൾ, ശില്പശാലകൾ, ലോക ക്ലാസിക് കൃതികളുടെ വായനയും സംവാദവും, തെരുവ് അവതരണങ്ങൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ, ചലച്ചിത്രമേള, ഗോത്ര - നാടൻ കലാരൂപങ്ങളുടെ അവതരണം, ട്രാൻസ് ജെൻഡർ കലാ അവതരണങ്ങൾ, ഭാഷാന്യൂനപക്ഷങ്ങളുടെ കൂട്ടായ്മ, ഭിന്നശേഷി അവതരണങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.
20ന് രാജേന്ദ്രമൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൾച്ചറൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഹിന്ദികവി അശോക് വാജ്പേയ്, തെലുങ്ക് എഴുത്തുകാരൻ സുദ്ധല അശോക് തേജ തുടങ്ങിയവർ പങ്കെടുക്കും. ടി. പത്മനാഭൻ, സൈദ് മെർസ, ഷീല, മേദിനി, അശോക് വാജ് പേയ്, മേതിൽ രാധാകൃഷ്ണൻ, കലാമണ്ഡലം ഗോപി, സി.ജെ. കുട്ടപ്പൻ, ഗുലാം മുഹമ്മദ് ഷേക്ക്, സി.എൽ. ജോസ്, ഉമയാൾപുരം ശിവരാമൻ എന്നിവരെ ആദരിക്കും.
ജാവേദ് അക്തർ, സച്ചിദാനന്ദൻ, എം. മുകുന്ദൻ, ജി.എൻ. ദേവി, ഡോ.എം.എൻ. കാരശേരി, സഹീദ് മിർസ, രത്ന പഥക് ഷാ, സുധാംശു പാണ്ഡെ, കനിമൊഴി, സിദ്ധാർത്ഥ വരദരാജൻ തുടങ്ങിയവർ പങ്കെടുക്കും.
മന്ത്രി പി.രാജീവ്, മേയർ അഡ്വ. എം. അനിൽകുമാർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |