
കോട്ടയം : യു.ഡി.എഫ് കോട്ടയെന്ന് പറയുമ്പോഴും കോട്ടയം കേരളകോൺഗ്രസ് എമ്മിന്റെ വരവോടെ ഇടതുമുന്നണിയ്ക്കും വളക്കൂറുള്ള മണ്ണാണെന്നാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. എന്നാൽ തദ്ദേശത്തിലുണ്ടായ കനത്തപ്രഹരം മുന്നണി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് നിയമസഭ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം ശേഷിക്കെ. മാണിഗ്രൂപ്പിന് സ്വാധീനമുള്ള പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി മേഖലകളിലും സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ പടിഞ്ഞാറൻമേഖലയിലും നേരിട്ട തിരിച്ചടി വളരെ വലുതാണ്. ഇതിൽ നിന്ന് കരകയറുക അത്ര പെട്ടെന്ന് എളുപ്പമല്ല. സംഘടനാസംവിധാനം കൂടുതൽ ചലിപ്പിക്കണം. പ്രാദേശികതലത്തിലേക്ക് ഇറങ്ങിച്ചെന്ന് ജനകീയവിഷയങ്ങൾക്ക് പരിഹാരം കാണണം. വോട്ട് ചോർച്ചയിൽ കൃത്യമായ വിലയിരുത്തലുകളും, പരിഹാരവും വേണം. ആടിയുലഞ്ഞ് നിൽക്കുന്ന അണികളെ കൂടക്കൂട്ടണം. ചുരുക്കത്തിൽ ഇനിയുള്ളത് വെല്ലുവിളികൾ നിറഞ്ഞ ദിനങ്ങളാണ്. അരയും തലയും മുറുക്കി രംഗത്തിറങ്ങിയാലേ കഴിഞ്ഞതവണത്തെ വിജയമെങ്കിലും നേടാനാകൂ. കുമരകമടക്കമുള്ള മേഖലകളിൽ പ്രാദേശിക തർക്കം വിനയായെന്ന് അണികൾക്കിടയിൽ സംസാരമുണ്ട്. കേരള കോൺഗ്രസ് (എം) മേഖലകളിൽപ്പോലും സി.പി.എം സ്ഥാനാർത്ഥികൾക്ക് പ്രതീക്ഷിച്ചത്ര വോട്ട് കിട്ടാത്തതും ചർച്ചയാണ്. മുണ്ടക്കയമടക്കമുള്ള മേഖലകളിൽ ഇത് പ്രവർത്തകർക്കിടയിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. അയ്മനത്ത് ബി.ജെ.പി ഒറ്റക്കക്ഷിയായതും സി.പി.എമ്മിന് ക്ഷീണമായി.
മേൽക്കൈ നഷ്ടപ്പെട്ട് ജോസ്
നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ നേരിട്ട തോൽവിയുടെ ആഘാതത്തിന് പിന്നാലെ ലോക്‌സഭയിലും, തദ്ദേശത്തിലും അടിപതറിയത് ജോസ് കെ മാണിയ്ക്ക് തിരിച്ചടിയായി. ലോക്‌സഭയിലേക്ക് വിശ്വസ്തനും ജനകീയനുമായ ചാഴികാടന്റെ വൻതോൽവി പോലും കേരള കോൺഗ്രസ് (എം) ക്യാമ്പ് പ്രതീക്ഷിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി. അതും പാലാ, കടുത്തുരുത്തി മേഖലകളിലടക്കം പിന്നാക്കം പോയി.
കരുത്ത് തെളിയിച്ച് ജോസഫ് ഗ്രൂപ്പ്
മാണി ഗ്രൂപ്പിനെ യു.ഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതിനിടയിൽ മദ്ധ്യകേരളത്തിൽ സ്വാധീനം തങ്ങൾക്കെന്ന് അവകാശപ്പെടാൻ ജോസഫ് ഗ്രൂപ്പിനായി. ജില്ലാ പഞ്ചായത്തിൽ മാണിഗ്രൂപ്പിനും, ജോസഫിനും 4 സീറ്റുകൾ വീതം ലഭിച്ചു. കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളിയടക്കം ജോസ് വിഭാഗത്തിൽ നിന്ന് തിരിച്ചുപിടിച്ചതും വലിയനേട്ടമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിന് വിലപേശാനും ഇത് സഹായകമായി.
തോൽവിയ്‌ക്ക് പിന്നിൽ
സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം
സി.പി.എമ്മിലെയും, മാണിഗ്രൂപ്പിലെയും ഉൾപ്പാർട്ടിപ്പോര്
ശബരിമല സ്വർണ്ണക്കൊള്ള, വന്യജീവി ശല്യം രൂക്ഷമായത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |