പാനൂർ: പാറാട്ടെ വടിവാൾ ആക്രമണത്തിൽ ഉൾപ്പടെ വിവിധ സംഭവങ്ങളിൽ അമ്പതോളം സി.പി.എം പ്രവർത്തകർ ഉൾപ്പടെ നൂറോളം പേർക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നൽകിയത് സി.പി.എം പ്രവർത്തകരായ ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് വാഹനം തകർത്തത് അടക്കം ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഫലം വന്നതിന് തൊട്ടുപിന്നാലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു സി.പി.എം പ്രവർത്തകരുടെ വടിവാൾ പ്രകടനം. യു.ഡി.എഫ് പ്രകടനത്തിനു നേരെ സ്‌ഫോടക വസ്തുക്കളെറിഞ്ഞു. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ അഴിഞ്ഞാടി. ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
യു.ഡി.എഫ് പ്രവർത്തകരുടെ പേരിലും കേസുണ്ട്. രണ്ടു ദിവസങ്ങളിലായി 10 ഓളം കേസുകളാണ് കൊളവല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ സംസ്ഥാനം വിടാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പൊലീസ്. 10 ഓളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായും വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |