
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരുപക്ഷവും തുല്യസീറ്റ് നേടിയ പഞ്ചായത്തുകളിൽ ഭരണം ആർക്കെന്ന് തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടിവരും. കഴിഞ്ഞതവണ ബി.ജെ.പി ഭരിച്ച അവിണിശ്ശേരി ഉൾപ്പെടെ ആറ് പഞ്ചായത്തുകളിലാണ് ഭാഗ്യകടാക്ഷത്തിനായി ഇക്കുറി കാത്തിരിക്കുന്നത്. ചേലക്കര, കൊടകര, പാറളം, വല്ലച്ചിറ, വേലൂർ എന്നിവിടങ്ങളിലാണ് മുന്നണികൾക്ക് സീറ്റ് തുല്യത. അവിണിശ്ശേരിയിൽ യു.ഡി.എഫും എൻ.ഡി.എയും ഏഴുവീതം സീറ്റ് നേടിയപ്പോൾ രണ്ട് സീറ്റ് എൽ.ഡി.എഫിനുണ്ട്. പാറളത്തും ആറ് വീതം സീറ്റുകൾ വിജയിച്ച് യു.ഡി.എഫും എൻ.ഡി.എയും തുല്യത പാലിച്ചു. എന്നാൽ ഇവിടെ അഞ്ച് സീറ്റുകൾ എൽ.ഡി.എഫിനുണ്ട്. ഇതേസമയം, വല്ലച്ചിറയിൽ ആറ് സീറ്റുകൾ വീതം നേടി എൽ.ഡി.എഫും എൻ.ഡി.എയുമാണ് ഒപ്പത്തിനൊപ്പം. നാല് സീറ്റുകളാണ് ഇവിടെ യു.ഡി.എഫിന്.
ബി.ജെ.പിയെ അധികാരത്തിൽ നിന്നും അകറ്റാൻ പാലക്കാട് നഗരസഭയിൽ ഇന്ത്യാസഖ്യം പോലെ പ്രവർത്തിക്കുമെന്ന വി.കെ. ശ്രീകണ്ഠന്റെ പ്രസ്താവന പ്രാവർത്തികമായാൽ അവിണിശ്ശേരിയിലും പാറളത്തും യു.ഡി.എഫും വല്ലച്ചിറയിൽ എൽ.ഡി.എഫും ഭരണത്തിലെത്തും. ഇതിനുള്ള സാദ്ധ്യത വിദൂരമാണെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ കാര്യങ്ങൾ ടോസിലേക്ക് നീങ്ങും.
ടോസ് ഉറപ്പ്
എൽ.ഡി.എഫും യു.ഡി.എഫും തുല്യത പാലിക്കുന്ന ചേലക്കര, വേലൂർ, എന്നിവിടങ്ങളിൽ ടോസ് നിർണായകമാകും. ചേലക്കരയിൽ 12 സീറ്റ് വീതമാണ് ഇരുകക്ഷികൾക്കുമുള്ളത്. ഇവിടെ എൻ.ഡി.എയ്ക്ക് സീറ്റില്ല. വേലൂരിൽ 19 അംഗ ഭരണസമിതിയിൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യനിലയിലാണ്. യു.ഡി.എഫ് ഒമ്പത് സീറ്റ് നേടിയപ്പോൾ എൽഡി.എഫിന് എട്ടും എൽ.ഡി.എഫ് സ്വതന്ത്രന് ഒരു സീറ്റും എൻ.ഡി.എയ്ക്ക് ഒരു സീറ്റുമാണുള്ളത്.
കൂടെ നിറുത്താൻ ശ്രമം
എൽ.ഡി.എഫും യു.ഡി.എഫും 7 സീറ്റുകൾ വീതം നേടി തുല്യത പാലിച്ച കൊടകരയിൽ സ്വതന്ത്രനെ കൂടെ നിറുത്തി അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. പത്താം വാർഡായ പഴംപിള്ളിയിൽ നിന്നും എൽ.ഡി.എഫ് വിമതനായി ജയിച്ച ജോയ് നെല്ലിശ്ശേരിയെ ഒപ്പം നിറുത്താനുള്ള ചർച്ചകൾ തുടരുകയാണ്.
എട്ടുസീറ്റ് വീതം എൽ.ഡി.എഫും യു.ഡി.എഫും നേടിയ മാളയിൽ എൽ.ഡി.എഫ് സ്വതന്ത്രയായി വിജയിച്ച കവിത സുഭാഷിന്റെ പിന്തുണയിൽ ഇടതുപക്ഷം അധികാരത്തിലെത്തും. തളിക്കുളത്ത് അഞ്ചുവീതം സീറ്റുകളാണ് എൽ.ഡി.എഫും യു.ഡി.എഫും നേടിയതെങ്കിലും ആർ.എം.പി പിന്തുണയിൽ യു.ഡി.എഫ് ഭരണത്തിലെത്തും.
കാസ്റ്റിംഗ് വോട്ട് നിർണായകം
സീറ്റുകൾ തുല്യമായാൽ നറുക്കെടുപ്പിലൂടെയാകും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനക്കാരെ കണ്ടെത്തുക.
ഭരണം തുടങ്ങിയാൽ പിന്നെ നറുക്കെടുപ്പില്ല. പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ തീരുമാനമെടുക്കുമ്പോൾ വോട്ടുകൾ തുല്യമായാൽ അദ്ധ്യക്ഷന് കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്താം. സാധാരണ അംഗം എന്ന നിലയിലുള്ള വോട്ടിന് പുറമെയാണിത്. അതിനാൽ നറുക്കെടുപ്പിലൂടെ അധികാരം ലഭിക്കുന്ന കക്ഷിക്ക് 'കാസ്റ്റിംഗ് വോട്ട്' ഉപയോഗിച്ച് ബഡ്ജറ്റ് പാസാക്കാനും വികസന കാര്യങ്ങളിൽ തീരുമാനമെടുക്കാനും സാധിക്കും.
എതിർപക്ഷത്തിന് എപ്പോൾ വേണമെങ്കിലും അവിശ്വാസ പ്രമേയം കൊണ്ടുവരാമെങ്കിലും സീറ്റുകൾ തുല്യമായതിനാൽ അവിശ്വാസം പാസാകാൻ സാദ്ധ്യത കുറവാണ്. വോട്ടുകൾ തുല്യമായാൽ അവിശ്വാസ പ്രമേയം പരാജയപ്പെടും. മൂന്നാം കക്ഷിയുടെ നിലപാട് നിർണായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |