
ശബരിമല : പുൽമേട് വഴിയുള്ള കാനനപാതയിലൂടെ ശബരിമലയിലേക്കുള്ള കാൽനട യാത്രക്കാരിലധികവും യുവാക്കൾ. ആദ്ധ്യാത്മിക നിറവും പ്രകൃതിഭംഗിയും സമന്വയിച്ച കാനന യാത്രയുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. . മനോഹരമായ പ്രകൃതി സൗന്ദര്യത്തിന്റെ ദൃശ്യങ്ങളും ഈ വഴിയിലൂടെയുള്ള യാത്രയും ആകർഷകമായ രീതിയിൽ ചിത്രീകരിച്ച് പ്രത്യക്ഷപ്പെടുന്ന റീലുകൾ അയ്യപ്പഭക്തരായ പുതിയ തലമുറ യുവാക്കളെയടക്കം സ്വാധീനിക്കുന്നുണ്ട് .ഈ സീസൺ ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതൽ ആളുകൾ കാനനപാതയിലൂടെയുള്ള ശബരിമല യാത്ര പൂർത്തീകരിച്ചത് കഴിഞ്ഞ ദിവസമാണ് .5597 പേരാണ് ശനിയാഴ്ച ഇതുവഴി ശബരിമലയിലെത്തിയത് .എന്നാൽ ശാരീരിക ബുദ്ധിമുട്ടുള്ളവർ ഈ വഴിതിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു .പലപ്പോഴും റീലുകൾ കണ്ട് വഴി തിരഞ്ഞെടുക്കുന്നവർ യഥാർത്ഥത്തിൽ ഈ പാതയിൽ എത്തുമ്പോഴാണ് കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള യാത്ര ദുഷ്കരമായ വഴിയാണെന്ന് മനസിലാക്കുന്നത് .കഴിഞ്ഞ ദിവസങ്ങളിൽ പ്രായമുള്ള പലരും ഈ വഴി വന്ന് മുന്നോട്ട് പോകാനാവാതെ വഴിയിൽപ്പെട്ടു.വനംവകുപ്പ് -ഫയർഫോഴ്‌സ് -എൻ ഡി ആർ എഫ് ഉദ്യോഗസ്ഥരും ദേവസ്വം ബോർഡിന്റെ എമർജൻസി സ്‌ട്രെച്ചർ സർവീസും ചേർന്നാണ് ഇവരെ രക്ഷിച്ച് സന്നിധാനത്ത് എത്തിച്ചത് .ഇതുമൂലമാണ് ആരോഗ്യസ്ഥിതി കൂടി നോക്കി ഇൗവഴി തിരഞ്ഞെടുക്കണമെന്ന് ഉദ്യോഗസ്ഥർ പറയുന്നത് .
ജാഗ്രതയോടെ നീരീക്ഷണം
വന്യമൃഗശല്യവും ദുഷ്കരമായ പാതയുമായതിനാൽ വനം വകുപ്പ് ജാഗ്രതയോടെ ഇവിടം നിരീക്ഷിക്കുന്നുണ്ട്.
സത്രത്ത് നിന്ന് ഓരോ സംഘത്തിനും ആളുകളുടെ എണ്ണം രേഖപ്പെടുത്തിയ ടോക്കൺ നൽകിയാണ് കടത്തിവിടുന്നത്. സന്നിധാനത്തിനു സമീപം പാണ്ടിത്താവളത്തുള്ള അവസാന ചെക്ക്പോസ്റ്റിലെത്തുന്നതുവരെ ഓരോ ചെക്കുപോസ്റ്റും കടക്കുമ്പോൾ ഈ ടോക്കൺ നോക്കി എല്ലാവരും സുരക്ഷിതരായി കടന്നുപോയെന്നുറപ്പാക്കിയാണ് ഓരോ ദിവസവും ഉദ്യോഗസ്ഥർ അവസാനിപ്പിക്കുന്നത് .മകരവിളക്ക് സമയത്ത് പതിനായിരങ്ങൾ ഈ വഴിയിലൂടെ എത്തുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |