നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥാടന കാലമെത്തിയിട്ടും അരുവിപ്പുറം കൊടിതൂക്കിമലയിലേക്കുള്ള റോഡ് ഇന്നും പഴയ കാനനപാതയായി നിലനിൽക്കുന്നു. ശിവഗിരി തീർത്ഥാടകരായി എത്തുന്ന സഞ്ചാരികൾ അരുവിപ്പുറത്ത് എത്തുക പതിവാണ്. എന്നാൽ ഗുരു സ്ഥാപിച്ച ശിവക്ഷേത്രം തൊഴുത് മടങ്ങാനേ ഇപ്പോൾ കഴിയുന്നുള്ളൂ. ഗുരുദേവൻ തപോധനനായ അരുവിപ്പുറം കൊടിതൂക്കി മലയിലേക്ക് കയറണമെങ്കിൽ നന്നേ പ്രയാസപ്പെടും. കൊടിതൂക്കി മലയിലേക്ക് മുൻപ് നിർമ്മിച്ച റോഡ് മെറ്റലിളകി പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായ അവസ്ഥയിലാണ്.
അരുവിപ്പുറം പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നിലവിലുണ്ടെങ്കിലും ഇവിടെ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദയുടെ പങ്ക് വലുതാണ്.
കൊടിതൂക്കി മല
ഗുരുദേവൻ സുബ്രഹ്മണ്യ ദർശനമുണ്ടായി പരമാത്മ സംവാദം ഇവിടെ നടന്നതായി ഗുരുവിന്റെ പ്രഥമ ശിഷ്യനായ ഭൈരവൻ ശാന്തി സാക്ഷ്യപ്പെടുത്തിയതായി പറയപ്പെടുന്നു. അതിനാൽ ഇവിടേക്ക് ഭക്തജനപ്രവാഹം ശിവഗിരി നാളിൽ ഉണ്ടാകാറുണ്ട്.
സഞ്ചാരികളേറെ
കേന്ദ്ര സർക്കാരിന്റെ പിൾഗ്രിമേജ് ടൂറിസ്റ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം എന്നിവയുടെ വികസനത്തിനായി 138 കോടി രൂപ അനുവദിച്ചതിൽ അരുവിപ്പുറത്ത് അത്യാധുനിക രീതിയിൽ കൺവെൻഷൻ സെന്റർ നിർമ്മിച്ചു. കൊടിതൂക്കിമലമുകളിൽ നിന്നാൽ പ്രകൃതി കടലുമായി ചേരുന്ന അപൂർവ്വ ദൃശ്യഭംഗി നുകരാനാകും. കൊടിതൂക്കിമലയിൽ വ്യൂ പോയിന്റും നിർമ്മിച്ചിട്ടുണ്ട്. ഇവിടെ ധാരാളം ഭക്തരും സഞ്ചാരികളും എത്തുക പതിവാണ്. സഞ്ചാരികൾക്ക് കൊടിതൂക്കി മലയിൽ എത്തിച്ചേരാൻ 4 ഇലക്ട്രിക് കാറുകൾ അനുവദിച്ചിട്ടുണ്ട്.
റോഡ് തകർന്നു
പെരുങ്കടവിള പഞ്ചായത്ത് 6 വർഷം മുൻപ് അരുവിപ്പുറത്തു നിന്നും കൊടിതൂക്കിമലയിലേക്ക് റോഡ് നിർമ്മിച്ചെങ്കിലും അനുവദിച്ച തുക വിനിയോഗിക്കുന്നതിൽ അധികൃതരും കോൺട്രാക്ടർമാരും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് റോഡ് പൊട്ടിപ്പൊളിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മലമുകളിലെ വികസനങ്ങൾക്കായി ജെ.സി.ബിയും ടിപ്പറും സ്ഥിരമായി ഓടിച്ചതിനാൽ റോഡ് പൂർണമായും തകർന്നു.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ അരുവിപ്പുറത്ത് ലൈബ്രറിയും യോഗാ സെന്ററും സ്ഥാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |