
വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിൽ ഗ്രീൻ റെസ്ക്യൂ ആക്ഷൻഫോഴ്സിന്റെ നേതൃത്വത്തിൽ വനസംരക്ഷണ സമിതിയുമായി ചേർന്ന് പ്ലാസ്റ്റിക് ക്ലീനിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
കല്ലാർ ഗോൾഡൻവാലി മുതൽ ഇരുപത്തിരണ്ടാംവളവ് വരെയുള്ള ഭാഗങ്ങളിൽ വൻതോതിൽ മാലിന്യം നിക്ഷേപിച്ചുവരികയായിരുന്നു.
പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് പൊൻമുടി വി.എസ്.എസ് പ്രസിഡന്റ് എം.സുനീഷ്,എക്കോടൂറിസം സെക്രട്ടറി എ.ഷാജി,എസ്.എഫ്.ഒ ഗ്രാഫ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ രതീഷ്,സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഷ്റഫ്,മണ്ണാർക്കാട് ട്രഷറർ സംഗീത,വൈസ് പ്രസിഡന്റ് അനീഷ, തിരുവനന്തപുരം ജില്ലാ ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രീത,അജിത് എന്നിവർ നേതൃത്വം നൽകി. തുടർന്നും പൊൻമുടിയിൽ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ നടത്തുമെന്ന് ആക്ഷൻഫോഴ്സ് ഭാരവാഹികൾ അറിയിച്ചു.
പ്ലാസ്റ്റിക് ക്ലീനിംഗ്
ക്യാമ്പയിൻ വിജയിച്ചു
ടൂറിസ്റ്റുസംഘങ്ങൾ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ പൊൻമുടി മേഖലയിൽ കുമിഞ്ഞു കൂടികിടക്കുന്ന അവസ്ഥയായിരുന്നു. ഇവിടെയെത്തുന്ന സഞ്ചാരികൾ റോഡരികിലും നദിക്കരയിലുമിരുന്ന് ഭക്ഷണം കഴിച്ചശേഷം മാലിന്യവും കുപ്പിയുമടക്കം വനത്തിൽ നിക്ഷേപിക്കുകയാണ് പതിവ്. മാലിന്യം ഭക്ഷിക്കാൻ പന്നികളും നായ്ക്കളും ഇവിടെ എത്താറുണ്ട്. ഇതുസംബന്ധിച്ച് കേരളകൗമുദി നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് പ്ലാസ്റ്റിക് ക്ലീനിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
പൊൻമുടി വൃത്തിയായി
പൊൻമുടി കമ്പിമൂട് ഭാഗങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടിയ അവസ്ഥയിലാണ്. മാലിന്യനിക്ഷപത്തിനെതിരെ ഒരു വർഷം മുമ്പ് പെരിങ്ങമ്മല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും പൊൻമുടി മേഖലയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും മാലിന്യം നിറഞ്ഞ് പൊൻമുടി ചീഞ്ഞുനാറുന്ന സ്ഥിതിയിലേക്ക് നീങ്ങുകയായിരുന്നു. നേരത്തേ ആവിഷ്ക്കരിച്ച ക്ലീൻ പൊൻമുടി ഗ്രീൻപൊൻമുടി പദ്ധതി അനിശ്ചിതത്വത്തിൽ ആയതോടെയാണ് പൊൻമുടി മേഖല വീണ്ടും മാലിന്യത്തിൽ മുങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |