
അബുദാബി: ഐപിഎല്ലില്‍ തങ്ങളുടെ സൂപ്പര്‍ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൈമാറിയിരുന്നു രാജസ്ഥാന്‍ റോയല്‍സ്. ട്രേഡിംഗിലൂടെ സഞ്ജുവിനെ ചെന്നൈക്ക് നല്‍കിയപ്പോള്‍ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെയാണ് റോയല്‍സ് പകരമെത്തിച്ചത്. ഇപ്പോഴിതാ ഐപിഎല്‍ താരലേലത്തില്‍ മറ്റൊരു മലയാളി താരത്തെ കൂടി പിങ്ക് കുപ്പായത്തിലെത്തിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബയ് ഇന്ത്യന്‍സിന് വേണ്ടി കളിച്ച മലയാളി താരം വിഗ്നേഷ് പുത്തൂരിനെയാണ് റോയല്‍സ് ലേലത്തിലൂടെ സ്വന്തമാക്കിയത്. അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് മലപ്പുറം സ്വദേശിയായ ചൈനാമാന്‍ സ്പിന്നറെ റോയല്‍സ് സ്വന്തമാക്കിയത്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിച്ച് മൂന്ന് വിക്കറ്റുകള്‍ വിഗ്നേഷ് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളാണ് സീസണില്‍ താരത്തിന്റെ സമ്പാദ്യം.
മുംബയ്ക്കായി കളിക്കുന്നതിനിടെ പരിക്കേറ്റ താരം സീസണ്‍ പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ തുടര്‍ന്നും താരത്തിന്റെ ചികിത്സ ഉള്‍പ്പെടെ മുംബയ് മാനേജ്‌മെന്റ് ഏറ്റെടുത്തിരുന്നു. പരിക്ക് ഭേദമായി കേരളത്തിന് വേണ്ടി സയീദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ വിഗ്നേഷ് കളിച്ചിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ വിഗ്‌നേഷ് ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റെയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റെയും മകനാണ്. അതേസമയം താരലേലത്തില്‍ മലയാളികളായ സല്‍മാന്‍ നിസാര്‍, കെഎം ആസിഫ് എന്നിവരെ ആരും സ്വന്തമാക്കിയില്ല. മുമ്പ് ചെന്നൈ, രാജസ്ഥാന്‍ എന്നീ ടീമുകളില്‍ കളിച്ചിട്ടുള്ള താരമാണ് കെഎം ആസിഫ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |