അശ്രദ്ധ അപകടത്തിന് കാരണമാകാം
വെഞ്ഞാറമൂട്: വേനൽ എത്തുന്നതോടെ നാട്ടിൽ തീപിടിത്തത്തിനുള്ള സാദ്ധ്യതകളും വർദ്ധിക്കുന്നു. കഴിഞ്ഞ വേനലിൽ പ്രദേശത്ത് നിരവധി സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്.പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽപാറ, കടലുകാണിപ്പാറ എന്നിവിടങ്ങളിലാണ് പ്രധാനമായും തീപിടിത്തമുണ്ടായി ഏക്കറുകണക്കിന് കുറ്റിക്കാട് തീയിൽ നശിച്ചത്. ഇവിടെയുള്ള പുൽമേടുകൾ വേനലിന്റെ ആരംഭത്തിലേ കരിഞ്ഞുതുടങ്ങിയിട്ടുണ്ട്.
നല്ല കാറ്റുള്ളതിനാൽ ഒരു കനൽ മതി തീപടരാൻ. ഇല പൊഴിയാൻ തുടങ്ങിയതോടെ നിരവധി റബർ പുരയിടങ്ങളിലും തീപിടിത്തത്തിന് സാദ്ധ്യതയുണ്ട്. തീപിടിത്തങ്ങൾക്കൊക്കെ കാരണം മനുഷ്യന്റെ അശ്രദ്ധയാണെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നത്. അശ്രദ്ധമായി വലിച്ചെറിയുന്ന ബീഡിക്കുറ്റിയിൽ നിന്നോ, തീപ്പെട്ടിക്കൊള്ളിയിൽ നിന്നോ ആണ് അനിയന്ത്രിതമായി തീപടരുന്നത്.
എളുപ്പവഴി, എന്നാൽ വൻ ആപത്ത്
കാർഷിക മേഖലയിലെ വർദ്ധിച്ച ചെലവും, വന്യമൃഗങ്ങളുടെ ശല്യവും കാരണം പലരും ഏക്കറുകണക്കിന് പുരയിടം തരിശ് ഇടുന്നു. ഇവിടെ കാടുകയറുകയും ഇത് വെട്ടിത്തെളിക്കാനുള്ള ചെലവ് ലഘൂകരിക്കാൻ പലരും തീ ഇടാറുമാണ് പതിവ്. ഈ തീ അനിയന്ത്രിതമാവുകയും, അയൽ പുരയിടം കൂടി അഗ്നിക്ക് ഇരയാവുകയും ചെയ്യുന്നു.
ഫയർഫോഴ്സിന്റെ നിർദേശങ്ങൾ
1.തീപിടിത്തമുണ്ടായാൽ ഉടൻ ഫയർഫോഴ്‌സിനെ അറിയിക്കുക. പലപ്പോഴും തീ ഇട്ടതിന്റെ പേരിൽ നിയമനടപടി ഉണ്ടാകുമോ എന്നുപേടിച്ച് അവസാന ഘട്ടത്തിൽ മാത്രമാണ് ഫയർഫോഴ്‌സിനെ അറിയിക്കുന്നത്. സേവനം സൗജന്യവും 24 മണിക്കൂറുമാണ്.
2.ഫയർ ബെൽറ്റ് രൂപീകരിച്ചിട്ട് തരിശിടങ്ങളിൽ തീ ഇടുക
3.കരിയില പോലുള്ളവ കത്തിക്കുമ്പോൾ വെള്ളം കരുതുക
4.ടൂറിസ്റ്റ് സ്ഥലങ്ങളിലെത്തുമ്പോൾ സിഗരറ്റ്, തീപ്പെട്ടി ഇവ കത്തിച്ച് വലിച്ചെറിയുന്നവ ഒഴിവാക്കുക. കരിയില കൂട്ടി കത്തിക്കാതിരിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |