
കാസർകോട്: മഞ്ചേശ്വരം, വോർക്കാടി, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ എൽ.ഡി.എഫ് വോട്ടുകളിലുണ്ടായ ചോർച്ച വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. മേഖലയിലെ മീഞ്ച, പൈളിഗെ, വോർക്കാടി ഗ്രാമ പഞ്ചായത്തുകളുടെ ഭരണവും എൽ.ഡി.എഫിന് നഷ്ടപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തിലേക്കും ഗ്രാമ പഞ്ചായത്തുകളിലേക്കും മത്സരിച്ച സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിക്കാത്തതാണ് വോട്ടുചോർന്നെന്ന നിഗമനത്തിന് പിന്നിൽ.
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വോർക്കാടിയിലും പുത്തിഗെയിലും മൂന്നാംസ്ഥാനത്തും മഞ്ചേശ്വരത്ത് നാലാംസ്ഥാനത്തുമാണ് എത്തിയത്. കന്നഡമേഖലയിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് കിട്ടേണ്ടുന്ന എൽ.ഡി.എഫ് വോട്ടുകൾ എതിർസ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ജില്ലാ നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്. പുത്തിഗെയിൽ സി.പി.എം മുൻ കാസർകോട് ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫയും വൊർക്കാടിയിൽ സി പി.ഐയുടെ അശ്വന്ത് പൂജാരിയും മഞ്ചേശ്വരത്ത് എൻ സി.പി.എസിന്റെ ഖദീജ മൊഗ്രാലുമാണ് മത്സരിച്ചത്. മുഹമ്മദ് ഹനീഫയും അശ്വന്ത് പൂജാരിയും മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ ഖദീജ മൊഗ്രാലിന് മഞ്ചേശ്വരത്ത് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ബ്ളോക്ക് പഞ്ചായത്തിലുണ്ട്;ജില്ലാപഞ്ചായത്തിലില്ല
മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ബ്ളോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ലഭിച്ച വോട്ട് ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നില്ല. മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പെട്ട മഞ്ചേശ്വരം, ഉപ്പള, ബഡാജെ, കടമ്പാർ, നയാബസാർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് 6691 വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ ഇവിടെ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഖദീജ മൊഗ്രാലിന് 3600 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബാക്കി 3000 വോട്ടുകൾ എങ്ങോട്ട് മറിഞ്ഞുവെന്ന ചോദ്യം ഇതിനകം ഉയർന്നിട്ടുണ്ട്.
വോർക്കാടി ഡിവിഷനിലെ കുഞ്ചത്തൂർ, ധർമ്മനഗര, മജിർപള്ള, മുളിഗഞ്ചേ, പാത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ മുളിഗഞ്ചേ ഡിവിഷൻ മാത്രമാണ് 3651 വോട്ട് നേടി സി പി.എമ്മിലെ അബ്ദുൽ റസാഖ് ചിപ്പാർ മുന്നിലെത്തിയത്. പാത്തൂർ ഡിവിഷനിൽ മുൻ വോർക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ് ഭാരതി ആയിരം വോട്ടുകളുടെ വിത്യാസത്തിൽ പരാജയപ്പെട്ടു. മറ്റു മൂന്ന് ഡിവിഷനിലും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |