SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

ശങ്ക തോന്നിയാൽ അത്ര കംഫർട്ടല്ല..!

Increase Font Size Decrease Font Size Print Page
comfort-station

ബസ് സ്റ്റാൻഡുകളിൽ ഒഴികെ മറ്റൊരിടത്തും ശൗചാലയമില്ല

തൃശൂർ: ആകാശ നടപ്പാതയും മൈതാനങ്ങളും എല്ലാമുണ്ട് നഗരത്തിൽ. എന്നാൽ, ശങ്ക തോന്നിയാൽ ഒരു ശൗചാലയമില്ല. കൊട്ടിഘോഷിച്ച് കോർപറേഷൻ ബയോ ടോയ്‌ലെറ്റുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയെങ്കിലും ഉണ്ടായത് അൽപ്പായുസ് മാത്രം. നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇ-ടോയ്‌ലെറ്റ് കിയോസ്‌കുകൾ സ്ഥാപിച്ചെങ്കിലും പെട്ടെന്ന് എല്ലാം അപ്രത്യക്ഷമായി. ശൗചാലയമില്ലാത്തതിനാൽ വനിതകളാണ് നഗരത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്.
തൃശൂരിലെ ബസ് സ്റ്റാൻഡുകളിൽ ഒഴികെ മറ്റൊരിടത്തും പൊതുശൗചാലയങ്ങളില്ലെന്നത് സ്ത്രീകൾ അടക്കമുള്ളവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ശക്തൻ സ്റ്റാൻഡിലും സ്റ്റാൻഡിന് മുൻപിലും കംഫർട്ട് സ്റ്റേഷനുണ്ടെങ്കിലും സ്വരാജ് റൗണ്ടിലും മറ്റിടങ്ങളിലും സംവിധാനമില്ല. ശക്തൻ സ്റ്റാൻഡിന് പുറമെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ് എന്നിവിടങ്ങളിൽ മാത്രമാണ് കംഫർട്ട് സ്റ്റേഷൻ സൗകര്യമുള്ളത്.
നഗരഹൃദയമായ സ്വരാജ് റൗണ്ടിലും ജില്ലാ ഭരണകേന്ദ്രമായ അയ്യന്തോളിലും പടിഞ്ഞാറെക്കോട്ടയിലും പാട്ടുരായ്ക്കലിലും കിഴക്കെക്കോട്ടയിലും കംഫർട്ട് സ്റ്റേഷനില്ലാത്തതിനാൽ ശങ്ക തോന്നിയാൽ ഹോട്ടലുകളിലോ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലോ അഭയം തേടുക മാത്രമാണ് പോംവഴി.

ശക്തൻ സ്റ്റാൻഡിൽ


വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ ശക്തൻ സ്റ്റാൻഡിലെ ശൗചാലയം പലപ്പോഴും ഉപയോഗിക്കാൻ മടിക്കുകയാണ് വനിതകൾ. മാറാല നിറഞ്ഞ കെട്ടിടവും മലിനജലവും എല്ലാമാണിവിടെ. അഴുക്കുവെള്ളം ഒഴുകിപ്പരക്കുന്ന തറയിലൂടെ വേണം ശൗചാലയത്തിലേക്കെത്താൻ. അഞ്ചു രൂപ ഈടാക്കി ഉപയോഗിക്കുന്ന സൗകര്യത്തിന് വൃത്തി ഉറപ്പാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് സ്ത്രീകളും കുട്ടികളും മറ്റും ആവശ്യപ്പെടുന്നത്. ശക്തൻ സ്റ്റാൻഡിലെ ശൗചാലയ സൗകര്യം ഉപയോഗിക്കാതെ പുരുഷൻമാർ ചിലർ ബസിന് പിറകിലും മറ്റുമുള്ള പൊതുസ്ഥലങ്ങളിൽ കാര്യം സാധിക്കുന്നുമുണ്ട്. ഇതെല്ലാം പരിശോധിച്ച് പിഴയിടാൻ അധികൃതർ സന്നദ്ധരാകുന്നില്ലെന്ന പരാതിയുമുണ്ട്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY