
തൃശൂർ: കിണറുവെള്ളത്തിലെ കീടനാശിനിയുടെയും ഘന ലോഹങ്ങളുടെയും അംശം അളക്കാനുള്ള പദ്ധതിയുടെ പേരിൽ 4.28 കോടിയുടെ അഴിമതിയെന്ന് ആരോപണം. ഈ മാസം 31നുള്ളിൽ പണം ചെലവാക്കണമെന്ന നിബന്ധനയുള്ളതിനാൽ ചട്ടം മറികടന്ന് ടെൻഡർ നടത്തിയെന്ന് കാട്ടി പഴയ ഉപകരണങ്ങൾ വാങ്ങി തുക തട്ടിയെടുത്തെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് ഈ തുക അംഗീകരിച്ച് ഉത്തറവിക്കാനായാണ് പ്രത്യേക കൗൺസിൽ വിളിച്ചതും വിവാദത്തിലായതും. മേയറുടെ അറിവോടെ കോർപറേഷൻ നിയന്ത്രിക്കുന്ന സി.പി.എമ്മിലെ പ്രമുഖ കൗൺസിലർമാരാണ് കാലാവധി അവസാനിക്കും മുമ്പ് ഈ നീക്കത്തിന് പിന്നിൽ. അമൃത് പദ്ധതിയിൽ വാട്ടർ എഫിഷ്യന്റ് വിഭാഗത്തിൽ ഉപകരണങ്ങൾ വാങ്ങാൻ കോർപറേഷന്റെ ആവശ്യപ്രകാരമാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നവംബർ പത്തിനാണ് ഉത്തരവിറങ്ങിയത്.
അമൃതിൽ ഫണ്ട് തികയാത്ത പക്ഷം ബാക്കി തുക കോർപറേഷൻ ഫണ്ടിൽ നിന്നെടുക്കാമെന്നും ഉത്തരവിലുണ്ട്. നിലവിൽ അമൃത് പദ്ധതിയിൽ കോർപറേഷന് ഒന്നേകാൽ കോടിയുടെ കുറവാണുള്ളത്. കൗൺസിൽ യോഗത്തിന്റെ അനുമതിയോടെ വേണം വാങ്ങാൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഇതിനായി വിളിച്ച കൗൺസിൽ യോഗം ചേരാൻ പക്ഷേ പ്രതിപക്ഷം സമ്മതിച്ചില്ല. എന്നാൽ എല്ലാം പാസാക്കിയെന്ന് കാട്ടി മിനിറ്റ്‌സ് ഉണ്ടാക്കി. ഈ മാസം 31നുള്ളിൽ ഫണ്ട് ലാപ്‌സാകുമെന്നതിനാൽ കുറഞ്ഞസമയത്തിൽ ടെൻഡർ വിളിച്ച് ഉപകരണങ്ങൾ വാങ്ങാനാകില്ല. ഇതോടെ ടെൻഡർ വിളിച്ചെന്ന് വരുത്തി പണം കൈപ്പറ്റി.
മന്ത്രിയെ സ്വാധീനിക്കാൻ കത്തും
കിണറുവെള്ളത്തിൽ കീടനാശിനി, ഘനലോഹ അംശം എന്നിവ പരിശോധിക്കുന്നതിന് ജില്ലയിലും സമീപ ജില്ലകളായ പാലക്കാടും എറണാകുളത്തും സർക്കാർ സംവിധാനമുണ്ട്. അതിനിടെയാണ് സർക്കാരിനെ സ്വാധീനിച്ച് ഉത്തരവിറക്കിയത്. ഡിസംബർ 31നകം ഫണ്ട് വിനിയോഗിക്കുന്നില്ലെങ്കിൽ ലാപ്‌സാകുമെന്ന് അറിയിച്ച് സിറ്റി മിഷൻ മാനേജ്‌മെന്റ് യൂണിറ്റ്, തൃശൂർ കോർപറേഷൻ കേരള ജല അതോറിറ്റി ടെക്‌നിക്കൽ മെമ്പർക്ക് ഡിസംബർ ഒന്നിന് കത്തയച്ചു. ജലമന്ത്രി റോഷി അഗസ്റ്റിനെ സ്വാധീനിക്കാനായി കേരള കോൺഗ്രസ് എം നേതാവിനെക്കൊണ്ട് കത്തയപ്പിച്ചു.
അമൃത് സിറ്റി മിഷന്റെ കത്ത്
ലാബിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് 4.28 കോടി അമൃത് ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പിന് ശേഷം ടെൻഡർ നടപടികൾ അതിവേഗം സ്വീകരിച്ച് ഫണ്ട് വിനിയോഗിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജല അതോറിറ്റി ടെക്‌നിക്കൽ മെമ്പർക്ക് കോർപറേഷൻ അമൃത് സിറ്റി മിഷൻ കത്ത് നൽകിയത്.
കോർപ്പറേഷനിലെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനാണ് ഇടപെട്ടത്. അത് അഴിമതിയായി കണക്കാക്കാനാകില്ല.
എം.കെ. വർഗീസ്
മേയർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |