
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ ഉപദേശം അംഗീകരിച്ച് ചില സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബലിജ, കവരൈ, ഗവര, ഗവരൈ, ഗവഗൈ നായിഡു, ബലിഡ നായിഡു, ഗജാലു ബലിജ, വലൈ ചെട്ടി സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തും. അതിനായി 1958 -ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസ് പാർട്ട് | ഷെഡ്യൂൾ ലിസ്റ്റ് III-ൽ ഇനം നമ്പർ 49 ബി എൻട്രി ആയുള്ള എൻ നായിഡു എന്നത് നായിഡു എന്നാക്കി മാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിക്കും.
സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരന്റി , 8 വർഷത്തേയ്ക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.
കോഴിക്കോട് സൈബർപാർക്കിൽ രണ്ടാമത്തെ ഐ.ടി കെട്ടിടം നിർമിക്കുന്നതിന് 190.22 കോടി രൂപ നബാർഡിന്റെ നിഡ മുഖാന്തിരം പതിനഞ്ച് വർഷത്തേയ്ക്ക് വായ്പയായി സ്വീകരിക്കുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ ഗ്യാരന്റി നൽകും.
ആലപ്പുഴ സർക്കാർ നഴ്സിംഗ് കോളേജിന് ബസ് വാങ്ങുന്നതിന് അനുമതി നല്‍കി.
കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) നിലവിൽ ചീഫ് ജനറൽ മാനേജരായി ജോലി ചെയ്യുന്ന റോയ് എബ്രഹാമിന് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമനം നൽകും.
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡില്‍ മാനേജിംഗ് ഡയറക്ടറായി ബാബു. റ്റി .എസിനെ നിയമിക്കും.
റിഹാബിലിറ്റേഷൻ പ്ലാന്‍റേഷന്‍സ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണം അനുവദിക്കും.
സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി. ഐ ഷെയ്ഖ് പരീതിന്റെ പുനർനിയമന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കും.
കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ-മടത്തുംപടി-പള്ളിപ്പുറം ഗ്രൂപ്പ് വില്ലേജിൽ നിന്നും മടത്തുംപടി വില്ലേജ് വിഭജിക്കുന്നതിന് അനുമതി നൽകി. വില്ലേജ് പ്രവർത്തനത്തിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കും. വില്ലേജ് ഓഫീസർ -1, സ്പെഷ്യൽ വില്ലേജ് ഓഫീസർ -1, വില്ലേജ് അസിസ്റ്റൻറ് 1, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് - 2, പി.ടി.എസ് - 1 എന്നിങ്ങനെയാണ് തസ്തികകൾ.
ഗുരുവായൂർ ദേവസ്വത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷ്യൽ തഹസിൽദാർ എൽ എ യൂണിറ്റ് ഒരു വർഷത്തേക്ക് രൂപീകരിക്കും.
വയനാട് ജില്ലയിലെ പട്ടികവർഗ വിഭാഗക്കാരുടെ വീടുകളുടെ മേൽക്കൂരയിലെ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തി, വയനാട് ജില്ലാ നിർമ്മിതി കേന്ദ്ര മുഖേന നടപ്പിലാക്കുന്നതിന് അനുമതി നല്‍കി. അംബേദ്‌കർ സെറ്റിൽമെന്റ് ഡെവലപ്മെന്റ് സ്കീം ശീർഷകത്തിൽ നിന്നും6.77കോടി രൂപ ചെലവഴിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |