
കൊച്ചി: പൊളിഞ്ഞുവീഴാറായ 29 നില ഫ്ളാറ്റിൽ മൂന്നുമാസമായി ഒറ്റപ്പെട്ട് താമസിക്കാൻ നിർബന്ധിതമായതിനെ തുടർന്ന് വീട്ടമ്മ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ജ് ആർമി ടവേഴ്സിലെ ടവർ സി ഒന്നാം നിലയിൽ താമസിക്കുന്ന ലീന സൂസൻ ജോർജിന്റെ പരാതി കമ്മിഷൻ ഫയലിൽ സ്വീകരിച്ചു.
റിട്ട. കേണൽ സിബി ജോർജിന്റെ ഭാര്യയാണ് ലീന സൂസൻ ജോർജ്. നിർമ്മിച്ച് ആറാം വർഷം 29 നിലകൾ വീതമുള്ള ബി, സി ടവറുകൾ ദുർബലാവസ്ഥയിലായതിനെ തുടർന്ന് നിർമ്മാതാക്കളായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന്റെയും (എ.ഡബ്ല്യു.എച്ച്.ഒ) റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെയും അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ നിയമയുദ്ധം നടത്തുന്നയാളാണ് കേണൽ സിബി. ഇതിന്റെ വൈരാഗ്യത്താലാണ് ഹൈക്കോടതി നിർദ്ദേശിച്ച മാറിതാമസിക്കാനുള്ള വാടകയും ചെലവും തങ്ങൾക്ക് മാത്രം നിഷേധിച്ച് ഇവിടെ താമസിക്കാൻ നിർബന്ധിതമാക്കിയതെന്ന് പരാതിയിൽ പറയുന്നു. രണ്ട് ടവറുകളിലെ 208 കുടുംബങ്ങളിൽ ഇവരൊഴികെ മറ്റെല്ലാവരും വാടക വാങ്ങി ഒഴിഞ്ഞുപോയി.
ഫ്ളാറ്റിന്റെ പൂമുഖത്ത് പതിവായി ഉപയോഗിക്കുന്ന ഇടനാഴിയുടെ മേൽത്തട്ടിന്റെ വലിയൊരു ഭാഗം ഒക്ടോബർ 26ന് തകർന്ന് വീണത് സംശയാസ്പദമാണെന്നും തങ്ങളെ ഇല്ലാതാക്കാനുള്ള എ.ഡബ്ല്യു.എച്ച്.ഒ, റെസിഡന്റ്സ് അസോസിയേഷനിലെ ചിലരുടെ ഗൂഢാലോചന സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
പരാതിയിൽ നിന്ന്
ദുർബലാവസ്ഥയിലായ രണ്ട് ടവറുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ 2024 മാർച്ചിൽ ജില്ലാ കളക്ടർ എ.ഡബ്ല്യു.എച്ച്.ഒയ്ക്ക് ഉത്തരവ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. 2025 ഫെബ്രുവരിയിൽ ഹൈക്കോടതി ജില്ലാ കളക്ടർക്കും സമാന ഉത്തരവു നൽകി.
250 കോടിയുടെ പുനർനിർമ്മാണ പദ്ധതിക്കും രൂപം നൽകി. നടപ്പാകാത്ത സാഹചര്യത്തിൽ കേണൽ സിബിയുടെ ഹർജിയിൽ ഏഴ് ദിവസത്തിനകം ടവറുകൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ലിഫ്റ്റ്, ജനറേറ്റർ, ക്ളീനിംഗ്, സെക്യൂരിറ്റി തുടങ്ങിയ സേവനങ്ങളെല്ലാം അവസാനിപ്പിച്ചു.
സന്ദർശകർക്ക് പ്രവേശനം നിഷേധിക്കുന്നു.
ദിവസം 5000 രൂപ നഷ്ടപരിഹാരം വേണം
പൊളിയാറായ ഫ്ളാറ്റിൽ താമസിക്കുന്നതിന്റെ ശാരീരികവും മാനസികവുമായ വേദനകൾക്ക് ഹൈക്കോടതി ഉത്തരവ് തീയതി മുതൽ ദിവസം 5000 രൂപ വീതം നഷ്ടപരിഹാരം വേണമെന്നും പരാതിയിൽ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നും ലീന സൂസൻ ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |