ആലപ്പുഴ: ഇറിഡിയം വില്പനയിൽ ലാഭം വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയിൽനിന്ന് 75 ലക്ഷം തട്ടിയ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച പ്രതികൾ പൊലീസിന് മുമ്പിൽ ഹാജരായി. കേസിൽ രണ്ട്, മൂന്ന്, നാല്, അഞ്ച് പ്രതികളായ തിരുവനന്തപുരം കൂവളശേരി ഷിബു വിലാസത്തിൽ സുലഭ ശിവകുമാർ(47), ജിഷ്‌ണു ശിവകുമാർ (36), പള്ളിച്ചാൽ മയൂരത്തിൽ വൈഷ്‌ണവി സന്ദീപ് (35), സന്ദീപ് സോമൻ(39) എന്നിവരാണ് കായംകുളം ഡിവൈ.എസ്.പി എൻ ബിനുക്കുട്ടന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.
ഹരിപ്പാട് സ്വദേശി കെ.ജി. മഹേഷിന്റെ പരാതിയിൽ ഹരിപ്പാട് പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. സ്പെയ്‌സ് എക്സ് ഏജൻസിയുടെയും അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെയും പേരുപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ‘അൾട്രാ സ്‌പെയ്‌സ് എക്സ്' എന്ന പേരിലുള്ള ഏജൻസി വഴി ഇറിഡിയം വില്പന നടത്തി കോടികൾ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഹരിപ്പാട്ടുകാരനിൽ നിന്ന് പലതവണയായാണ് 75 ലക്ഷം തട്ടിച്ചത്. മണ്ണാറശാല സ്വദേശി കപിൽദേവാണ് ഒന്നാം പ്രതി, കൊല്ലം സ്വദേശി സിനു ധർമരാജനാണ് ആറാം പ്രതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |