
തൃശൂർ: നഗരവഴികളില്ലെല്ലാം നാടോടികൾ, കൂടെ കുഞ്ഞുകുട്ടികളുമുണ്ട്. ആറ് മാസം മുതൽ ആറ് വയസുവരെ പ്രായമുള്ള കുട്ടികളെ ഒക്കത്തിരുത്തി ഭിക്ഷാടനവും ചെറുസാധനങ്ങളുടെ വിൽപ്പനയുമാണ് ഇവർ നടത്തുന്നത്. സംസ്ഥാനത്ത് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനമോ മറ്റോ പാടില്ലെന്നിരിക്കെ റെയിൽവേ സ്റ്റേഷൻ പരിസരത്തും സ്വരാജ് റൗണ്ടിലും ബസ് സ്റ്റാൻഡുകളിലും ഭിക്ഷാടന മാഫിയ സജീവമാണ്. റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിലും ഭിക്ഷാടന മാഫിയ സജീവം തന്നെ. റെയിൽവേ സ്റ്റേഷനിലെ ഓവർ ബ്രിഡ്ജിലും പൂത്തോളിലെ ചില പ്രദേശങ്ങളിലുമാണ് ഇവർ രാത്രിയിൽ ചെലവഴിക്കുന്നത്. പാട്ടുരായ്ക്കൽ, പടിഞ്ഞാറെക്കോട്ട, കിഴക്കെക്കോട്ട തുടങ്ങിയ നഗരത്തിലെ പ്രധാന കവലകളിലും ഇവർ പിടിമുറുക്കുന്നുണ്ട്.
ജുവനൈൽ പൊലീസ് നോക്കുകുത്തി
കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിനായി സ്‌പെഷ്യൽ ജുവനൈൽ പൊലീസ് സംവിധാനം ഓരോ സ്റ്റേഷൻ പരിധിയിലും ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടെങ്കിലും സജീവമല്ലെന്നാണ് വിലയിരുത്തൽ. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുക, ബാലവേലയിൽ നിന്നും ഭിക്ഷാടനത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുക, കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്താൽ കൈകാര്യം ചെയ്യുക, നിയമലംഘനം നടത്തുന്ന കുട്ടികളെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റുക, അപകടത്തിലായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുൻപിൽ ഹാജരാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവരുടെ ഡ്യൂട്ടി. എന്നാൽ, തൃശൂർ സിറ്റിയിൽ 2025ൽ ഒക്ടോബർ വരെ 170ഉം റൂറലിൽ 158ഉം പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ശരണബാല്യം കടലാസിൽ
ബാലവേല, ബാലഭിക്ഷാടനം, തെരുവ് ബാല്യ നിർമാർജനം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 2017 ഡിസംബറിൽ നടപ്പാക്കിയ ശരണബാല്യം പദ്ധതിയും കടലാസിൽ. വിവിധ തീർത്ഥാടനകേന്ദ്രങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും ഭിക്ഷാടനത്തിനും ബാലവേലയ്ക്കുമായി ഇതരസംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശരണബാല്യം പദ്ധതി നടപ്പാക്കിയത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിരുന്നു. ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുന്ന കുട്ടികളുടെ ഡി.എൻ.എ ടെസ്റ്റുകൾ നടത്തി കൂടെയുള്ളത് രക്ഷാകർത്താക്കളാണെന്ന് ഉറപ്പു വരുത്താൻ ഉൾപ്പെടെ അന്ന് സംവിധാനമുണ്ടായിരുന്നു. പിന്നീട് ഇവരുടെ ആധാർ കാർഡ് പരിശോധിക്കുന്ന നടപടികൾ ഉൾപ്പെടെ നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഒന്നും നടക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |