
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് വിപണിയൊരുക്കാന്‍ വികസന കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ കേരയുടെ പദ്ധതി. ലോകബാങ്കിന്റെ സഹായത്തോടെ രണ്ട് കോടി രൂപ വരെ ഗ്രാന്റുമായി കര്‍ഷക-ബിസിനസ് കൂട്ടായ്മ സൃഷ്ടിക്കും. മൂന്ന് വര്‍ഷത്തെ സാങ്കേതിക സഹായവും ലഭ്യമാക്കും.
കര്‍ഷകരുടെ ലാഭക്ഷമത മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചെറുകിട കര്‍ഷകരെ ഒരുമിപ്പിക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളെയും(എഫ്.പി.സി) കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വാങ്ങുന്ന അനുയോജ്യരായ ബിസിനസ് പങ്കാളികളെയും പദ്ധതിയിലൂടെ കൂട്ടിയിണക്കും. പദ്ധതിയിലൂടെ
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ രാജ്യാന്തര വിപണിയിലെത്തിക്കാനും കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കാനും കഴിയും.
മൂന്ന് മേഖലകളില്‍ പദ്ധതി
മൂന്നു മേഖലകളിലായി 150 വ്യത്യസ്ത ഉത്പാദന പങ്കാളിത്തങ്ങളാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ആദ്യ ഘട്ടത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50 സഖ്യങ്ങള്‍ രൂപീകരിക്കും. അടുത്ത ഘട്ടത്തില്‍ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കാര്‍ഷിക ഉത്പാദന സ്ഥാപനങ്ങളും വാണിജ്യ കമ്പനികളുമായുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തില്‍ ഉത്പ്പാദന സഹായം, ബിസിനസ് വിപുലീകരണം എന്നിവയ്ക്കായി മൊത്തം ചെലവിന്റെ അറുപത് ശതമാനം 'കേര' യിലൂടെ ഗ്രാന്റായി നല്‍കും.
10 കോടി വിറ്റുവരവുള്ളവര്‍ക്ക് അപേക്ഷിക്കാം
ചുരുങ്ങിയത് 10 കോടി രൂപ വിറ്റുവരവുള്ള കര്‍ഷക-കാര്‍ഷികേതര കമ്പനികള്‍, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍, കയറ്റുമതിക്കാര്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 31 നകം https://pa.kera.kerala.gov.in/auth/login എന്ന ലിങ്ക് വഴി അപേക്ഷിക്കണം. ചുരുങ്ങിയത് മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള 200ല്‍ അധികം അംഗങ്ങളുള്ള പത്ത് ലക്ഷം രൂപ വിറ്റുവരവുള്ള കാര്‍ഷിക ഉത്പാദന കമ്പനികള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: +91 9037824038
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |