
കോതമംഗലം: സത്യപ്രതിജ്ഞയ്ക്ക് മുമ്പേ നാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ഇടപെടലുമായി നിയുക്ത മെമ്പർ. സ്വന്തം സ്ഥലത്ത് സ്വന്തം പണം മുടക്കി കിണർ നിർമ്മിച്ച് കുടിവെള്ളം ലഭ്യമാക്കാൻ രംഗത്തിറങ്ങിയത് നെല്ലിക്കുഴി എട്ടാം വാർഡിൽ വിജയിച്ച കോൺഗ്രസ് അംഗം ആന്റണി ജോസഫാണ്. എട്ടാം വാർഡിൽ മാത്രമല്ല, നാല്, അഞ്ച് വാർഡുകളിലുള്ളവർക്കും ഈ ഇടപെടൽ പ്രയോജനപ്പെടും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറ്റവും കൂടുതൽ ഉന്നയിക്കപ്പെട്ട ആവശ്യത്തിനാണ് അദ്ദേഹം സ്വന്തം നിലയിൽ പരിഹാരം കണ്ടത്. കരീപ്പിൻചിറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് ഈ വാർഡുകളിൽ വിതരണം ചെയ്യുന്നത്. കിണർ വറ്റിയതിനാൽ ഒരു മാസത്തോളമായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. പെരിയാർവാലി കനാലിൽ വെള്ളമില്ലാത്തതിനാലാണ് കിണർ വറ്റിയത്. പുതിയ കിണറിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് കരീപ്പിൻചിറ പദ്ധതിയുടെ കിണറിലെത്തിച്ച് കുടിവെള്ള വിതരണം സാദ്ധ്യമാക്കുകയാണ് ആന്റണി ജോസഫിന്റെ ലക്ഷ്യം.
കിണർ താഴ്ത്തുന്നതും അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതുമെല്ലാം സ്വന്തം ചെലവിൽ തന്നെ. പിന്നീട് പഞ്ചായത്തിൽ നിന്ന് ഫണ്ട് ലഭ്യമാക്കി സംരക്ഷണഭിത്തി ഉൾപ്പെടെ നിർമ്മിച്ച്, കിണർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിലനിറുത്താനും നിയുക്ത മെമ്പർ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി പ്രദേശത്തെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. കരീപ്പിൻചിറ കുടിവെള്ള പദ്ധതിയിൽ നിലവിലുള്ള കിണർ നിർമ്മിച്ചതും ആന്റണി ജോസഫ് സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |