കരാർ കാലാവധി വീണ്ടും നീട്ടാൻ നീക്കം
വടക്കഞ്ചേരി: ദേശീയപാത 544ൽ വാളയാറിനും അങ്കമാലിക്കുമിടയിലെ 11 അടിപ്പാതകളുടെ നിർമ്മാണം മന്ദഗതിയിൽ. ഇതേ തുടർന്ന് ഇതുവഴി വാഹനയാത്ര കടുത്ത ദുരിതം നിറഞ്ഞതായി. അടിപ്പാതകളുടെ നിർമ്മാണം പൂർത്തിയാക്കാൻ അനുവദിച്ചിരുന്ന കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പകുതി പണി പോലും പൂർത്തിയായിട്ടില്ലെന്നതാണ് വസ്തുത. അടിപ്പാത നിർമ്മാണം കാരണം ശോചനീയാവസ്ഥയിലായ റോഡുകൾ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമ്പോഴും ടോൾ പിരിവ് തുടരുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ഗതാഗതക്കുരുക്ക് പതിവായി
വാണിയമ്പാറയിൽ അടിപ്പാത നിർമ്മാണത്തിന് മുന്നോടിയായി ഗതാഗതം തിരിച്ചുവിടുന്നതിനായി സർവീസ് റോഡുകളുടെ നിർമ്മാണം വാണിയമ്പാറ, കല്ലിടുക്ക് മേഖലകളിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന മിക്ക പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. തമിഴ്നാട് ആസ്ഥാനമായ പി.എസ്.ടി കമ്പനിക്കാണ് നിലവിലെ 11 അടിപ്പാതകളുടെ നിർമ്മാണക്കരാർ. 18 മാസത്തിനകം പൂർത്തിയാക്കേണ്ടിരുന്ന പ്രവൃത്തികളുടെ കരാർ കാലാവധി 2025 സെപ്തംബറിൽ അവസാനിച്ചിരുന്നെങ്കിലും പിന്നീട് ഡിസംബർ വരെ നീട്ടി നൽകി. എന്നാൽ ആ സമയപരിധിക്കുള്ളിലും നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്ന് 2026 മേയ് വരെ വീണ്ടും സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കമ്പനി ദേശീയപാതാ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.
സമയം നീട്ടിനൽകി നിർമ്മാണം വേഗത്തിലാക്കുന്നതാണ് സാധാരണ നടപടിയെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ വ്യക്തമാക്കി. എന്നാൽ നിർമ്മാണം നീണ്ടുപോയതിന് മതിയായ കാരണങ്ങൾ കാണിക്കാനായില്ലെങ്കിൽ കരാർ കമ്പനിക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
13 അടിപ്പാതകൾ കൂടി
നിലവിൽ നിർമ്മാണം നടക്കുന്ന 11 അടിപ്പാതകൾക്കു പുറമേ ദേശീയപാതയിൽ 13 പുതിയ അടിപ്പാതകളുടെ നിർമ്മാണം ജനുവരിയിൽ ആരംഭിക്കാനാണ് തീരുമാനം. ഹരിയാന ആസ്ഥാനമായ ദരിവാൾ ബിൽഡ് ടെക്കിനാണ് പുതിയ പ്രവൃത്തികളുടെ നിർമ്മാണ കരാർ. പുതിയ അടിപ്പാതകളുടെ നിർമ്മാണങ്ങളും ആരംഭിക്കുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കും യാത്രാദുരിതവും കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികളും സ്ഥിരം യാത്രക്കാരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |