
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ഓപ്പൺ എയർ ഓഡിറ്റോറിയവും കുട്ടികളുടെ പാർക്കും പ്രവർത്തനയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. ദേശീയപാതയിൽ ടി.ബി ജംഗ്ഷനിൽ നാലുവരിപ്പാതയോട് ചേർന്നുള്ള ഓഡിറ്റോറിയവും പാർക്കും കാടുകയറി ഉപയോഗക്ഷമമല്ലാതായിട്ട് 5 വർഷം പിന്നിടുന്നു. നവീകരിക്കുമെന്ന് ബന്ധപ്പെട്ടവർ ആവർത്തിക്കുന്നുണ്ടെങ്കിലും നവീകരണങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.
ടി.ബി ജംഗ്ഷനിൽ കുട്ടികളുടെ പാർക്കും,ടി.വി കിയോസ്കും ഉണ്ടായിരുന്നതിന്റെ മറുവശത്ത് ദേശീയപാതയോടു ചേർന്നാണ് ഓപ്പൺ എയർ ഓഡിറ്റോറിയവും ഗ്യാലറിയും നിർമിച്ചത്. കളിക്കോപ്പുകൾ സ്ഥാപിച്ച് കുട്ടികളുടെ പാർക്കും നിലനിറുത്തി. എന്നാൽ ഇവയെല്ലാം ഇപ്പോൾ ഉപയോഗശൂന്യമാണ്. സമീപത്ത് കോഫിബാറിനായി നിർമ്മിച്ച കെട്ടിടവും പ്രവർത്തനരഹിതമാണ്.
ലക്ഷ്യം കാണാത്ത പദ്ധതി
എ.സമ്പത്ത് എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ട് 2012-13 സാമ്പത്തിക വർഷമാണ് ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിച്ചത്. നഗരസഭയുടെ ഫണ്ടുപയോഗിച്ച് പാർക്കും സജ്ജമാക്കി. തിരക്കേറിയ കച്ചേരി ജംഗ്ഷനിലെ സമ്മേളനങ്ങൾ മൂലമുണ്ടാകുന്ന ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കാനാണ് ടി.ബി ജംഗ്ഷനിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിച്ചത്. കൂടാതെ ഓഡിറ്റോറിയം വാടകയ്ക്ക് നൽകുന്നതുവഴി നഗരസഭയ്ക്ക് നല്ല വരുമാനവും ലഭിക്കും.എന്നാൽ വിരലിലെണ്ണാവുന്ന പരിപാടികൾ മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. യോഗങ്ങളെല്ലാം കച്ചേരിനടയിൽ തന്നെ തുടർന്നു.ഇതോടെ ഓപ്പൺ എയർ ഓഡിറ്റോറിയം ലക്ഷ്യം കാണാതെപോയി.
പാഴായ വാഗ്ദാനങ്ങൾ
ദേശീയപാത നിർമ്മാണത്തിനായി 2020ൽ പാർക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും ഭൂമിയിൽ നിന്ന് കുറച്ചുഭാഗം അധികൃതർ ഏറ്റെടുത്തു. റോഡിനായി ഏറ്റെടുക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ മതിലുകൾ പൂർവസ്ഥിതിയിലാക്കാൻ പ്രത്യേകം ഫണ്ടനുവദിച്ചിരുന്നു. എന്നാലിവിടെ മതിൽ മാത്രം കെട്ടി. പൊളിച്ച ഗ്യാലറി പുനഃനിർമ്മിച്ചില്ല.
ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തി വായനശാല വാർഷികങ്ങൾ,തെരുവ് നാടകങ്ങൾ,സാഹിത്യ സമ്മേളനങ്ങൾ,കലാസന്ധ്യകൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് നഗരസഭയുടെ 2024- 25ലെ ബഡ്ജറ്റിൽ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
വൃത്തിഹീനമായി ഓപ്പൺ എയർ ഓഡിറ്റോറിയം
കളിക്കോപ്പുകൾ തുരുമ്പെടുത്ത് നശിക്കുന്നു
പ്രദേശം മാലിന്യംമൂടി കാടുംകയറി കിടക്കുന്നു
ടി.ബി ജംഗ്ഷനിലെ കുട്ടികളുടെ പാർക്കും ഓപ്പൺ ഓഡിറ്റോറിയവും പ്രവർത്തന സജ്ജമാക്കാൻ അടിയന്തര നടപടി വേണം.
വക്കം പ്രകാശ്,പ്രസിഡന്റ് ആർ.ജെ.ഡി,
ആറ്റിങ്ങൽ നിയോജകമണ്ഡലം
ക്യാപ്ഷൻ: ആറ്റിങ്ങൽ ടി.ബി ജംഗ്ഷനിലെ ഓപ്പൺ ഓഡിറ്റോറിയവും കുട്ടികളുടെ പാർക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |