
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ കണ്ണൂരിൽ നേരിട്ട തിരിച്ചടി വിശകലനം ചെയ്യാൻ സി.പി.എം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള കേന്ദ്രസംസ്ഥാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനതലത്തിൽ നേരിട്ട തിരിച്ചടിക്ക് സമാനമായി കണ്ണൂരിലും പാർട്ടിക്ക് പല ഇടങ്ങളിലും ക്ഷീണം സംഭവിച്ചിട്ടുണ്ട്. നിരവധി തവണ ചർച്ച നടത്തിയാണ് ജില്ലയിലെ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വാർഡുകൾ പുനർവിഭജിച്ചത്. പുതിയ വാർഡ് വിഭജനത്തിലൂടെ മഹാഭൂരിപക്ഷം വാർഡുകൾ പിടിച്ചെടുക്കാൻ കഴിയുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ.
എന്നാൽ പല തദ്ദേശ സ്ഥാപനങ്ങളിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. കുത്തകയായിരുന്ന തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അടക്കം നഷ്ടമായി. ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് വോട്ട് വർദ്ധിച്ചതും കണ്ണൂർ കോർപറേഷനിലെ ദയനീയ പരാജയവും പാർട്ടിക്ക് കനത്ത തിരിച്ചടിയായി.
കണ്ണൂർ കോർപറേഷൻ പ്രചാരണത്തിന് മുഖ്യമന്ത്രി അടക്കം എത്തിയിരുന്നതാണ്. യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഉയർത്തിയ ആരോപണങ്ങളെ വോട്ടർമാർ തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണ് ഡിവിഷനുകളിലെ വൻ ഭൂരിപക്ഷം. ബി.ജെ.പിക്ക് കോർപറേഷനിൽ നാല് സീറ്റുകൾ ലഭിച്ച സാഹചര്യവും യോഗം സി.പി.എം ചർച്ച ചെയ്യും.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ യു.ഡി.എഫിന് മേൽക്കൈ നേടിയതും ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിൽ ലീഡ് ഉയർത്തിയതും സി.പി.എം ഗൗരവമായി കണ്ടിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചടിയുടെ ആക്കം കൂട്ടിയതായി നേരത്തെ പ്രധാന നേതാക്കൾ തന്നെ വിലയിരുത്തിയിട്ടുണ്ട്.
'വാർഡ് വിഭജനം" കൊണ്ട് പിടിച്ചുനിന്നു
ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ വാർഡ് പുനർവിഭജനം നിർണായക പങ്ക് വഹിച്ചതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്രപരമല്ല, രാഷ്ട്രീയപരമായി അനുകൂലമായാണ് എൽ.ഡി.എഫിന് വാർഡ് വിഭജനം നടന്നത്. അല്ലെങ്കിൽ എൽ.ഡി.എഫിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാകുമായിരുന്നു എന്നാണ് വിലയിരുത്തൽ.യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങൾ ഒന്നോ രണ്ടോ വാർഡുകളിൽ കേന്ദ്രീകരിച്ചും മറ്റ് വാർഡുകളിൽ എൽ.ഡി.എഫിന് ചെറിയ ഭൂരിപക്ഷത്തിൽ ജയിക്കാനാവശ്യമായ രീതിയിലും വിഭജനം നടത്തിയതാണ് ഗുണം ചെയ്തത്.
ജില്ലാ പഞ്ചായത്തിലെ നടുവിൽ, പയ്യാവൂർ ഡിവിഷനുകളിൽ മാത്രം യു.ഡി.എഫിന്റെ ഭൂരിപക്ഷം 24,426 വോട്ടുകളാണ്. എന്നാൽ ഈ മേഖലയിൽ എൽ.ഡി.എഫ് ജയിച്ച പടിയൂർ, പേരാവൂർ, കൂടാളി, കുറുമാത്തൂർ, പരിയാരം എന്നീ അഞ്ച് ഡിവിഷനുകളിലെ മൊത്തം ഭൂരിപക്ഷം യു.ഡി.എഫിന്റെ രണ്ട് ഡിവിഷനുകളേക്കാൾ 16,965 വോട്ടുകൾ കുറവാണ്.ആലക്കോട് ഒഴിവാക്കി രൂപവത്കരിച്ച മാതമംഗലം ഡിവിഷനിലും എൽ.ഡി.എഫ് ജയിച്ചത്, ഇവിടത്തെ യു.ഡി.എഫ് അനുകൂല വോട്ടുകൾ നടുവിലേക്ക് മാറ്റിയതിന്റെ ഫലമാണെന്നാണ് വിശകലനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |