തുറവൂർ: വാഹനത്തിന് മുകളിൽ എപ്പോൾ, എന്ത് വീഴുമെന്ന് അറിയാതെ
ദേശീയപാതയിൽ തുറവൂർ മുതൽ അരൂർ വരെ 12.75 കിലോമീറ്റർ ഭീതിയോടെ സഞ്ചരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഉയരപ്പാത നിർമ്മാണം കാരണം യാത്രക്കാരുടെ ജീവൻ തന്നെ അപകടത്തിലാണ്.
ഉയരപ്പാതയുടെ മേൽത്തട്ട് കോൺക്രീറ്റ് ചെയ്യുന്നതിനിടെ, താഴെ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന വാഹനങ്ങൾക്ക് മുകളിൽ കോൺക്രീറ്റ് മിശ്രിതം വീണതാണ് ഏറ്റവും പുതിയ സംഭവം. കഴിഞ്ഞദിവസം വൈകുന്നേരം കുത്തിയതോട് പാലത്തിന്റെ തെക്കുഭാഗത്തായിരുന്നു അപകടം.വാഹനങ്ങൾക്ക് നിസാര കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. തുറവൂർ പഞ്ചായത്ത് വളമംഗലം കൊച്ചുതെരുവിൽ വിജീഷിന്റെ ദേഹത്തും ഇരുചക്രവാഹനത്തിലുമാണ് ആദ്യം കോൺക്രീറ്റ് മിശ്രിതം വീണത്. തുടർന്ന് പിന്നാലെ വരികയായിരുന്ന നാല് കാറുകൾക്ക് മുകളിലും മിശ്രിതം വീണതോടെ വാഹനങ്ങൾ നടുറോഡിൽ നിർത്തി ഉടമകൾ പ്രതിഷേധിച്ചു. ഇതോടെ ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
പ്രതിഷേധത്തെ തുടർന്ന് നിർമ്മാണ തൊഴിലാളികൾ വാഹനങ്ങൾ കഴുകി വൃത്തിയാക്കിയെങ്കിലും ഉടമകൾ ശാന്തരായില്ല. വാഹനങ്ങൾക്ക് മുകളിൽ കോൺക്രീറ്റ് വീണതിന്റെ പാടുകൾ പതിഞ്ഞതായി ഉടമകൾ പരാതിപ്പെട്ടു. തുടർന്ന് തുറവൂർ മുൻ പഞ്ചായത്ത് അംഗം സുദർശന്റെ നേതൃത്വത്തിൽ ചിലർ കരാർ കമ്പനിയുടെ തുറവൂരിലെ ഓഫീസിലെത്തി പ്രതിഷേധിച്ചു. ഇത് കമ്പനി ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിനും തർക്കത്തിനും ഇടയാക്കുകയും ചെയ്തു.
യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കി ഉയരപ്പാത നിർമാണം നടത്തണമെന്ന ആവശ്യവുമായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
പരാതികൾ നിരവധി
വാഹനങ്ങൾക്ക് മുകളിൽ കോൺക്രീറ്റ് മിശ്രിതം വീണ സംഭവങ്ങൾ
ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. കൂടാതെ ഗാർഡറുകൾ, ഇരുമ്പ് ബീമുകൾ, ഇരുമ്പുകമ്പികൾ, നെറ്റ് ബോൾട്ടുകൾ, കോൺക്രീറ്റ് കട്ടകൾ, കെട്ടുകമ്പികൾ, ചാക്കുകൾ തുടങ്ങിയവ പലതവണ റോഡിലും വാഹനങ്ങളിലും പതിച്ചിട്ടുണ്ടെന്നും യാത്രക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കുത്തിയതോട്, അരൂർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ നിലവിലുണ്ട്.
കഴിഞ്ഞ 13ന് പിക്കപ്പ് വാനിന് മുകളിൽ ഗാർഡർ പതിച്ച് ഹരിപ്പാട് സ്വദേശി രാജേഷ് ദാരുണമായി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്തരം സുരക്ഷാവീഴ്ചകൾ ആവർത്തിക്കുന്നത് എന്നതാണ് യാത്രക്കാരെ ഭീതിയിലാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |