
കോട്ടയം : സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശിക തദ്ദേശ തിരഞ്ഞടുപ്പിന് മുൻപുവരെ കൃത്യമായി ബാങ്ക് അക്കൗണ്ടിൽ എത്തി. വോട്ടെടുപ്പ് കഴിഞ്ഞ് ഫലവും വന്നതോടെ അത് നിലച്ചു. മാസങ്ങളായി കുടിശികയായിരുന്ന പണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് അക്കൗണ്ടിലേക്ക് വരാൻ തുടങ്ങിയത്. നെല്ല് സംഭരിച്ചതിനൊപ്പം പാഡി ഓഫീസർ നൽകിയ പി.ആർ.എസുമായി കർഷകർ ബാങ്കുകയറി മടുക്കുന്നതിനിടയിലായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം. വോട്ടെടുപ്പ് നടന്ന ഡിസംബർ ഒമ്പതിന് ശേഷം ബാങ്കിൽ എത്തിയവർക്ക് പണം വന്നിട്ടില്ലെന്ന മറുപടിയാണ് കിട്ടുന്നതെന്ന് കർഷകർ പറയുന്നു. വിരിപ്പ് കൃഷിയുടെ കൊയ്ത്ത് 90 ശതമാനത്തോളം പാടശേഖരങ്ങളിലും പൂർത്തിയായി. 14000 ടൺ നെല്ല് പ്രതീക്ഷിക്കുന്നു. 13000 ടൺ വരെ സംഭരിച്ചിട്ടുണ്ട്. ഒമ്പതു കോടി രൂപയോളം ബാങ്കിൽ എത്തിയെന്നും, ബാക്കി സാങ്കേതിക കാരണങ്ങളാലാണ് വൈകുന്നതെന്നുമാണ് പാഡി ഓഫീസർ പറയുന്നത്. എന്നാൽ പണം ലഭിച്ചില്ലെങ്കിൽ വീണ്ടും കടം പെരുകുമെന്നാണ് കർഷകരുടെ സങ്കടം.
കിഴിവ് കൊള്ള തടയാനാകാതെ
മഴ മാറി പൊരി വെയിലായിട്ടും നെല്ലിന്റെ കിഴിവ് സ്വകാര്യമില്ലുകാർ അഞ്ചുകിലോവരെ കൂട്ടി. നേരത്തേ മൂന്നു കിലോയായിരുന്നു. കിലോയ്ക്ക് 30 രൂപ വച്ച് ക്വിന്റലിന് 150 രൂപയുടെ നഷ്ടമാണ് കിഴിവ് മൂലം കർഷകർക്കുണ്ടാകുന്നത്. അഞ്ചു മില്ലുകൾ മാത്രമാണ് നെല്ല് സംഭരിക്കാനുള്ളത്. ഇവർ യോജിച്ച് കിഴിവ് വർദ്ധിപ്പിച്ചതോടെ നെല്ല് വാങ്ങാൻ മറ്റാരുമില്ലാത്തതിനാൽ വില പേശാനും കർഷകർക്കാകുന്നില്ല. മഴ മൂലം നെല്ലിലെ ഈർപ്പം കൂടിയപ്പോൾ വർദ്ധിപ്പിച്ച കിഴിവ് വെയിലായിട്ടും കുറയ്‌ക്കാത്തതിൽ അധികൃതരും ഇടപെടുന്നില്ല.
കച്ചിയിൽ നിന്ന് വരുമാനമില്ല
ഒരേക്കറിൽ നിന്ന് 1000 - 1500 രൂപ വരെ കച്ചിയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ നേരത്തെ പെയ്ത മഴയിൽ കച്ചി നനഞ്ഞുചീഞ്ഞതിനാൽ ആ വരുമാനവും നഷ്ടമായി. ചീഞ്ഞ കച്ചി വാരി മാറ്റുന്നതിനുള്ള ചെലവും കർഷകർ വഹിക്കണം.
സർക്കാർ ഇടപെടണം
കൂടുതൽ മില്ലുകളെ ഉൾപ്പെടുത്തി സംഭരണം വേഗത്തിലാക്കണം
കിഴിവിന്റെ പേരിൽ നെല്ല് സംഭരണം വൈകിപ്പിക്കുന്നത് തടയണം
കൈകാര്യ ചെലവിനത്തിലുള്ള സർക്കാർ വിഹിതം കൂട്ടണം
''ഭൂരിപക്ഷം സ്വകാര്യ മില്ലുകളും സംഭരണത്തിൽ നിന്ന് വിട്ടുനിന്നു. വിരലിലെണ്ണാവുന്ന മില്ലുകളേ തയ്യാറായുള്ളൂ. ഏഴുകിലോ വരെ കിഴിവ് ആവശ്യപ്പെട്ടവരെ നിയന്ത്രിക്കാനാകുന്നില്ല. കുടിശികയ്ക്കായി ഇനി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമായിരിക്കും.
സദാശിവൻ (നെൽകർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |