പൂവാർ: കരുംകുളം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം പിടിമുറുക്കുന്നു. ഓടൽ,ചരുവിള,നാഗപുരം,പിള്ളവിളാകം പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകളായി കുടിവെള്ളമില്ല. കാഞ്ഞിരംകുളം വാട്ടർ അതോറിട്ടി അധികൃതരുടെ അവഗണനയാണ് കുടിവെള്ളം മുടങ്ങുന്നതിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള വെള്ളം പരണിയം വഴിമുക്കിലെ ടാങ്കുകളിൽ നിറച്ചാണ് ഇവിടെയെത്തിക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം നൽകിയിരുന്ന വെള്ളം മിക്കപ്പോഴും മുടങ്ങാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലാ പ്രദേശത്തും വെള്ളമെത്തുന്നതിനു മുമ്പ് വാൽവ് അടയ്ക്കുന്നതും കുടിവെള്ള പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. വാൽവ് പകുതി മാത്രം തുറക്കുന്ന സാഹചര്യങ്ങളിൽ വീടിന് മുകളിലുള്ള ടാങ്കുകളിൽ വെള്ളം നിറയ്ക്കാൻ കഴിയാറില്ല. എന്നാൽ എല്ലാദിവസവും വെള്ളം തുറന്നു വിടാറുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഉയർന്ന പ്രദേശത്തെ ടാങ്കുകളിൽ വെള്ളം കയറ്റാൻ കൂടുതൽ സമയവും,പൂർണ്ണ തോതിലും വാൽവ് തുറന്നുവിട്ടാൽ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഒരു പരിധിവരെയെങ്കിലും കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
അടച്ചുപൂട്ടി പബ്ലിക് ടാപ്പുകൾ
ജലജീവൻ മിഷന്റെ നേതൃത്വത്തിൽ എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ വന്നതോടെ പബ്ലിക് ടാപ്പുകൾ എടുത്തുമാറ്റി. ഇതോടെ കുടിവെള്ളമെത്താത്ത പ്രദേശങ്ങളിലെ കുടുംബങ്ങൾ ദുരിതത്തിലായി. ജനവാസ മേഖലയിൽ നിന്നും ഏകദേശം 100 മീറ്ററോളം അകലെയാണ് പബ്ളിക്ക് ടാപ്പ് സ്ഥാപിച്ചിട്ടുള്ളത്. പട്ടികജാതിക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഓടൽ. പിന്നോക്ക-പൊതു വിഭാഗത്തിൽപ്പെടുന്നവരും അവിടെയുണ്ട്. ഇവരെല്ലാം കുടിവെള്ളത്തിന് ആശ്രയിക്കുന്നത് പബ്ളിക് ടാപ്പിനെയാണ്. ജലജീവൻ പദ്ധതി പ്രകാരം എല്ലാ വീടുകളിലും വാട്ടർ ടാപ്പ് സ്ഥാപിച്ചത് ഫലപ്രാപ്തിയിലെത്താൻ എത്രകാലം കാത്തിരിക്കണം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |