
പാലക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സജ്ജീകരിച്ചിട്ടുള്ള എം.ഡി.എം.എസ് പോർട്ടൽ തുടരെ തുടരെ തകരാറിലായതോടെ സ്കൂളുകളിൽ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ പ്രവർത്തനങ്ങളും നിലച്ചു. ഹാജർ സൈറ്റ് പ്രവർത്തിക്കാത്തതും ചെലവഴിച്ച ഫണ്ട് രണ്ട് മാസത്തിലേറെയായി ലഭിക്കാത്തതിനാലും പലയിടങ്ങളിലും സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലായി.
കഴിഞ്ഞ അഞ്ചാം തീയതി മുതൽ പോർട്ടൽ പൂർണമായും പ്രവർത്തനരഹിതമാണ്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താനാകാതെ അദ്ധ്യാപകർ വലയുകയാണ്. പദ്ധതി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദീർഘകാലം വെബ്സൈറ്റ് പണിമുടക്കുന്നത്. ദിവസേനയുള്ള ഉച്ചഭക്ഷണ ഹാജരും മെനുവും പോർട്ടലിൽ രേഖപ്പെടുത്തിയാൽ മാത്രമേ പദ്ധതിക്കാവശ്യമായ തുക അനുവദിക്കുകയുള്ളൂ. കഴിഞ്ഞ നാലാം തീയതിയാണ് സ്‌കൂളുകൾക്ക് അവസാനമായി ഹാജർ രേഖപ്പെടുത്താൻ സാധിച്ചത്. നിലവിൽ പത്തു ദിവസത്തിലേറെയായി സൈറ്റ് ലഭ്യമല്ലാത്തതിനാൽ കൃത്യമായ കണക്കുകൾ സമർപ്പിക്കാൻ സാധിക്കുന്നില്ല. ഓരോ മാസത്തെയും തുക അനുവദിച്ചു കിട്ടുന്നതിനായി കെ.2, എൻ.എം.പി രജിസ്റ്ററുകൾ ഡൗൺലോഡ് ചെയ്ത് എ.ഇ.ഒ ഓഫിസിൽ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ, സൈറ്റ് തുറക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ മാസത്തെ ബില്ലുകൾ പോലും സമർപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം പാചകത്തൊഴിലാളികളുടെ വേതനം നൽകുന്നതിലും സാധനങ്ങൾ വാങ്ങിയ വകയിലുള്ള കുടിശ്ശിക തീർക്കുന്നതിലും തടസങ്ങൾ നേരിടുന്നതായി അദ്ധ്യാപകർ പറയുന്നു. സൈറ്റ് നിശ്ചലമായതോടെ സ്‌കൂളുകളിലേക്ക് വിതരണത്തിനായി എത്തുന്ന അരിയുടെയും മറ്റു സാധനങ്ങളുടെയും സ്റ്റോക്ക് എൻട്രിയും നിലച്ചിരിക്കുകയാണ്. സ്റ്റോക്ക് വിവരങ്ങൾ കൃത്യസമയത്ത് പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാത്തത് വരും ദിവസങ്ങളിൽ കണക്കെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയും അദ്ധ്യാപകർ പങ്കുവെക്കുന്നുണ്ട്. ഓൺലൈൻ സംവിധാനം താറുമാറായതോടെ വിവരങ്ങളെല്ലാം സ്‌കൂളുകളിലെ ഫിസിക്കൽ രജിസ്റ്ററുകളിൽ രേഖപ്പെടുത്തി സൂക്ഷിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.
23ന് ക്രിസ്മസ് അവധിക്കായി സ്‌കൂൾ അടക്കുകയാണ്. അതിനാൽ ഡിസംബറിലെ കണക്ക് കൃത്യസമയത്ത് നൽകാൻ പ്രയാസം നേരിടും. രണ്ട് മാസത്തെ ചെലവുകളുടെ തുക ഇതുവരെ പ്രധാനാദ്ധ്യാപകർക്ക് ലഭിച്ചിട്ടില്ല. പല പ്രധാനാദ്ധ്യാപകരും വായ്പ വാങ്ങിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
പാചക തൊഴിലാളികളുടെ രണ്ട് മാസത്തെ ഓണറേറിയവും കൊടുത്തിട്ടില്ല. ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര സർക്കാർ 60 ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ് വിഹിതം അനുവദിക്കുന്നത്. ഇതിന് പുറമേ സംസ്ഥാന സർക്കാർ സ്‌പെഷൽ ന്യൂട്രിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച കുട്ടികൾക്കുള്ള ബിരിയാണിയടക്കമുള്ള പ്രത്യേക ഉച്ചഭക്ഷണം ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനാൽ മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |