
ശബരിമല : ഭക്തിയും പ്രകൃതിയും ഒന്നാകുന്ന അപൂർവ്വകാഴ്ച ഒരുക്കുകയാണ് അയ്യപ്പസന്നിധിയിലെ ശബരീനന്ദനം. അയ്യനെ തൊഴാനെത്തുന്ന ഭക്തർക്ക് മനം കുളിർപ്പിക്കുന്ന അനുഭൂതി നൽകുന്നു പുഷ്പഭംഗി നിറഞ്ഞുനിൽക്കുന്ന ഈ പൂന്തോട്ടം.
പാണ്ടിത്താവളത്തേക്കുള്ള പടികയറി എത്തി ഇടത്തേക്ക് തിരിയുമ്പോഴാണ് 39 സെന്റിൽ ശബരീ നന്ദനമുള്ളത്. 70 മീറ്റർ നീളവും 22.5 മീറ്റർ വീതിയുമുള്ള പൂന്തോട്ടത്തിന് 1575 ചതുരശ്ര മീറ്ററാണ് വിസ്തീർണം. അഞ്ചുതട്ടുകളിലായാണ് ഇവിടെ ചെടികൾ നട്ടുപിടിച്ചിരിക്കുന്നത്. 1200 മുല്ല, 750 റോസാച്ചെടികൾ, 1000 ചെത്തി തുടങ്ങിയവയാണ് നട്ടുപിടിപ്പിച്ചിരിക്കുന്നതെന്ന് മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ജി.മനോജ് കുമാർ പറഞ്ഞു. ജമന്തി, തുളസി എന്നിവയുമുണ്ട്. മരാമത്ത് വിഭാഗമാണ് പൂന്തോട്ടം പരിപാലിക്കുന്നത്.
കള കയറാതിരിക്കാൻ പ്രത്യേക ഷീറ്റ് പാകിയിരിക്കുന്നു. 40ൽ അധികം സ്പ്രിംഗ്ലർ ഉപയോഗിച്ച് ചെടികൾ നനയ്ക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചെടികൾ നട്ടത്. ഗോശാലയിൽ നിന്നുള്ള ചാണകവും പിണ്ണാക്കും ഉപയോഗിച്ചാണ് വളമിടുന്നത്. പ്രാണികളുടെ ശല്യം ഒഴിവാക്കാൻ ബന്ദി ചുറ്റും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പൂജാപുഷ്പങ്ങളാണ് പൂന്തോട്ടത്തിലുള്ളത്. പുഷ്പാഭിഷേകത്തിനും മറ്റും പുറത്ത് നിന്നാണ് പൂക്കൾ എത്തിക്കുന്നതെങ്കിലും പൂജയ്ക്കും മറ്റു കർമ്മങ്ങൾക്കും ആവശ്യമെങ്കിൽ ഇവിടെ നിന്ന് പൂക്കൾ ശേഖരിക്കാമെന്ന് മനോജ് കുമാർ പറഞ്ഞു. ഗണപതിഹോമത്തിന് ഉപയോഗിക്കുന്ന ശംഖുപുഷ്പവും നട്ടിട്ടുണ്ട്. നാലുവശവും കമ്പിവലകൾ കൊണ്ട് തിരിച്ച് ഗേറ്റും സ്ഥാപിച്ച് തോട്ടം സുരക്ഷിതമാക്കിയിട്ടുണ്ട്. വളമിടൽ, വെള്ളം നനയ്ക്കൽ ഉൾപ്പടെ പൂന്തോട്ടം പരിപാലിക്കുന്നത് പത്തനംതിട്ട ജില്ലയിലെ അടിച്ചിപ്പുഴ സ്വദേശി ടി.എസ്.സജിത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |