
കണ്ണൂർ :പാട്യത്തെ വെള്ളരിപാടങ്ങളിലായിരുന്നു മലയാളസിനിമയിലെ സർവകലാവല്ലഭന്റെ അഭിനയജീവിതത്തിന്റെ തുടക്കം. അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ പിതാവ് ഉണ്ണിമാഷിന്റെ വീടിനോട് ചേർന്നുള്ള വിശാലമായ വയലിൽ കൊയ്തു കഴിഞ്ഞാൽ വെള്ളരി നടും. രാത്രികാലങ്ങളിൽ വെള്ളരി സംരക്ഷിക്കാൻ കാവലിരിക്കുന്ന പാട്യത്തെ ചെറുപ്പക്കാരുടെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു നാടകാഭിനയം.
ഈ വെള്ളരിപ്പാടങ്ങളിലാണ് ശ്രീനിവാസനിൽ അഭിനയമോഹം മൊട്ടിട്ടത്.
മലബാറിൽ വെള്ളരിപാടത്തുള്ള നാടകങ്ങളെ വെളളരി നാടകം എന്ന് അക്കാലത്ത് വിളിച്ചിരുന്നു.പാട്യത്തെ വെള്ളരിനാടകക്കാർ പിന്നീട് കൽപ്പന ആർട്സ് കലാകൂട്ടം എന്ന പേരിൽ ആരംഭിച്ച നാടക ട്രൂപ്പ് തുടങ്ങി.പാട്യത്തെ അക്കാലത്തെ ഒരേയൊരു സാംസ്‌കാരിക സ്ഥാപനമായിരുന്നു ഇത് .പരേതനായ സഹോദരൻ രവീന്ദ്രനാണ് ശ്രീനിവാസന് വയൽ കരയിലുള്ള മാണിയേടത്ത് തറവാടിന്റെ പിന്നിൽ തുണികെട്ടി മറച്ച് ആദ്യം പരിശീലനം നൽകിയത്.
തുടക്കത്തിൽ നാടകപുസ്തകങ്ങൾ വാങ്ങിയായിരുന്നു അഭിനയിച്ചിരുന്നത്. പി.ആർ.ചന്ദ്രൻ രചിച്ച അഹല്യ എന്ന നാടകത്തിലൂടെയാണ് ശ്രീനിവാസൻ ആദ്യമായി അരങ്ങിലെത്തെത്തുന്നത്. മൂന്ന് നാടകങ്ങൾ അവതരിപ്പിച്ചതിനുശേഷം ജനിസ്മൃതി എന്ന നാടകത്തിലൂടെ ശ്രീനിവാസൻ രചനയിലേക്കും തിരിഞ്ഞു. എഴുത്തുകാരനെന്ന നിലയിൽ വിജയിക്കുമോയെന്ന് കൂടെയുണ്ടായിരുന്നവർ ഒന്ന് സംശയിച്ചെങ്കിലും സംസ്ഥാനത്തെ നാടക മത്സരങ്ങളിൽ ഉൾപ്പെടെ അവതരിപ്പിക്കപ്പെട്ട് അംഗീകാരം നേടിയതോടെ വിശ്വാസമായി.
അന്ന് കുന്നംകുളത്തെ പ്രശസ്ത ക്ലബ്ബായ ബ്യൂറോ ഓഫ് ആർട്സ് ആൻഡ് റിക്രിയേഷൻ നടത്തുന്ന കണ്ടമ്പള്ളി ബാലൻ സ്മാരക ട്രോഫി നേടിയത് ഈ നാടകമായിരുന്നു .2500 രൂപയും ട്രോഫിയും ആയിരുന്നു സമ്മാനം. ഇതോടെ ശ്രീനിവാസനും പാട്യത്തെ കൽപ്പന ആർട്സ് കലാകൂട്ടവും ശ്രദ്ധ നേടി. ആദ്യ നാടകമായ അഹല്യയുടെ ചിലവിന് പണം സ്വരൂപിച്ചത് വേറ്റുമ്മലിൽ വച്ച് നടത്തിയ ഒരു പരിപാടിയിൽ സംഭാവന സ്വീകരിച്ചുകൊണ്ടാണ്.പിന്നീട് പത്ത് നാടകങ്ങൾ ശ്രീനിവാസൻ രചിക്കുകയും അഭിനയിക്കുകയും ചെയ്തു. നാടക അഭിനയത്തിലും രചനയിലും സജീവമായപ്പോഴാണ് ശ്രീനിവാസൻ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്നത്. പാട്യം സ്വദേശി കൂടിയായ പ്രഭാകരനായിരുന്നു അന്ന് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രിൻസിപ്പാൾ. അദ്ദേഹം മുഖേനയാണ് ശ്രീനിവാസൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം തന്റെ തറവാടുവീട് വിറ്റതിനുശേഷം പാട്യത്തേക്കുള്ള വരവ് കുറഞ്ഞെങ്കിലും സുഹൃത്തുക്കളുമായുള്ള ബന്ധത്തിന് വിള്ളലുണ്ടായില്ല.സുഹൃത്തുക്കളുടെ വീടുകളിലെ ആഘോഷങ്ങളിലെല്ലാം അദ്ദേഹം സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |