
കണ്ണൂർ: ജില്ലയിലെ പാട്യം പഞ്ചായത്തിലെ കോങ്ങാറ്റ എന്ന സാധാരണ ഗ്രാമത്തിൽ ഉണ്ണി-ലക്ഷ്മി ദമ്പതികളുടെ മകനായി ജനിച്ച ശ്രീനിവാസന്റെ ജീവിതം മലയാള സിനിമയെ മാറ്റിമറിക്കുമെന്ന് ആ നാട്ടിലെ ഒരാളും പ്രതീക്ഷിച്ചിരിക്കാനിടയില്ല. കർഷകരടക്കമുള്ള മദ്ധ്യവർഗവും കർഷകതൊഴിലാളികളടക്കമുള്ളവരുമുള്ള ഈ നാട് കേരളത്തിലെ മറ്റേതൊരു ഗ്രാമത്തെയും പോലെ നല്ല രാഷ്ട്രീയബോധമുള്ള സമൂഹമായിരുന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ശക്തമായി വേരുറച്ചിരുന്ന ആ നാട്ടിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ എ.കെ.ജിയുടെ ഗോപാലസേനയുടെ പരിശീലനം നടക്കുന്ന കാലമായിരുന്നു ശ്രീനിവാസന്റെ കുട്ടിക്കാലം.
ചെങ്കൊടി പിടിച്ച് ബാലസംഘം ജാഥകളിൽ നടന്ന അനുഭവം ശ്രീനിവാസൻ തന്നെ പങ്കിവച്ചിട്ടുണ്ട്. എന്തിനാണ് കൊടിപിടിച്ചു നടക്കുന്നതെന്ന് അറിയാതെ ആ ഓളത്തിനിടയിൽ താനും പെട്ടുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.പാട്യം ഗോപാലൻ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കൾ യുവ ശ്രീനിവാസനെ പാർട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും വിയോജിപ്പിക്കൾ മൂലം നിഷ്പക്ഷമായ സമീപനം തിരഞ്ഞെടുക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ താൽപര്യമെടുത്തിരുന്നുവെങ്കിൽ തന്റെ വഴി മറ്റൊന്നായി മാറുമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.
.
കലാലോകത്തേക്കുള്ള വാതിൽ
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഡിറ്റക്ടീവ് നോവലിലൂടെയാണ് വായനയിലേക്കുള്ള യാത്ര തുടങ്ങിയതെന്ന് ശ്രീനിവാസൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അച്ഛൻ പിന്നീട് പൊറ്റെക്കാട്, ബഷീർ, ഉറൂബ്, തകഴി, ഒ.വി. വിജയൻ, എം.ടി തുടങ്ങിയവരുടെ കൃതികളിലേക്ക് അദ്ദേഹത്തെ നയിച്ചു. മൂത്ത സഹോദരൻ രവീന്ദ്രന് നാടകരചനയിലും അവതരണത്തിലും വലിയ കമ്പമായിരുന്നു. വീടിനടുത്തുള്ള കൊയ്ത്തുകഴിഞ്ഞ പാടത്ത് പെട്രോമാക്സിന്റെ വെളിച്ചത്തിൽ അരങ്ങേറിയ നാടകങ്ങളിലൂടെ ശ്രീനിവാസന്റെ അഭിനയ താൽപര്യം വളർന്നു. രണ്ടു മൂന്നു വർഷങ്ങൾ നീണ്ട നാടകവാരങ്ങൾ, വായനശാല വാർഷികങ്ങളിലെ സ്‌കിറ്റുകൾ ഇതെല്ലാം ശ്രീനിവാസനെ കലയുടെ ലോകത്തേക്ക് ആകർഷിച്ചു.
ഒരു സ്വയം വിലയിരുത്തൽ നടത്തിയാണ് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലേക്ക് പോകാൻ തീരുമാനിച്ചത്. അച്ഛന്റെ അനുവാദമില്ലാതെ സുഹൃത്തിൽ നിന്ന് എഴുപത്തിയഞ്ച് രൂപ കടം വാങ്ങി മദ്രാസിലേക്കുള്ള യാത്ര. സെലക്ഷൻ കിട്ടിയ വിവരം അറിഞ്ഞത് അച്ഛന് വലിയ ഷോക്കായിരുന്നു.മദ്രാസ് നഗരത്തിലെ അനുഭവങ്ങൾ ജീവിതപാഠങ്ങളുടെ നിധിയായിരുന്നു. നാട്ടുകാരനായ ദാസന്റെ ചെറിയ മുറിയിൽ തുടങ്ങി,
ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഭാകരൻ സാറിന്റെ സഹായത്തോടെ സ്‌ക്രിപ്റ്റ് ട്രാൻസ്ലേഷനിലും പേപ്പർവർക്കുകളിലും ഏർപ്പെട്ടു. കെ.ജി.ജോർജിന്റെ വീട്ടിൽ വച്ച് മേള, സ്വപ്നാടനം തുടങ്ങിയ സിനിമകളുടെ സംവാദങ്ങളിൽ പങ്കെടുത്ത് ചലച്ചിത്രനിർമാണത്തിന്റെ സൂക്ഷ്മതകൾ മനസ്സിലാക്കി.കെ.ജി.ജോർജിന്റെ ഇനി അവൾ ഉറങ്ങട്ടെയിൽ ചെറിയ വേഷവും ഇതിനിടെ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |