
കണ്ണൂർ: മലയാള സിനിമയുടെ ബഹുമുഖ പ്രതിഭയായിരുന്ന ശ്രീനിവാസന് കണ്ണൂരിൽ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. 2010-11 കാലഘട്ടത്തിൽ ഈസ്വപ്നം യാഥാർഥ്യമാക്കുന്നതിനായി അദ്ദേഹം തീവ്രമായ ശ്രമങ്ങളാണ് നടത്തിയത്.
അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കാണുന്നതിനായി ശ്രീനിവാസൻ, സംവിധായകൻ പ്രിയദർശൻ, ഗായിക കെ.എസ്.ചിത്ര എന്നിവരോടൊപ്പം ക്ലിഫ് ഹൗസിലെത്തി. കണ്ണൂർ ഇരിണാവിൽ കെ.പി.പി. നമ്പ്യാരുടെ വൈദ്യുതി പദ്ധതിക്കായി അക്വയർ ചെയ്ത ഏകദേശം 90 ഹെക്ടർ സ്ഥലത്ത് പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലുള്ള പദ്ധതിയായിരുന്നു ശ്രീനിവാസൻ നിർദ്ദേശിച്ചത്. നേരത്തെ പല വിവാദങ്ങളും ഉയർന്നിരുന്ന ഈ സ്ഥലത്ത് തീരദേശ പരിപാലനചട്ട നിയന്ത്രണം മൂലം കെ.എസ്.ഇ.ബിയുടെ പദ്ധതിയും സിമന്റ് ഫാക്ടറിയുമൊക്കെ നടപ്പാകാതെ പോയ സാഹചര്യത്തിലായിരുന്നു ഈ പുതിയ ആശയം മുന്നോട്ടുവന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയത്തെ വി.എസ് പിന്തുണക്കുകയും ചെയ്തു.
ശ്രീനിവാസനും കെ.എസ്. ചിത്രയും ഉൾപ്പെടെയുള്ളവർ ഒരിക്കൽ ഇരിണാവിലെ നിർദേശിച്ച സ്ഥലം നേരിട്ട് സന്ദർശിച്ചതുമാണ്. എന്നാൽ ഭരണപരമായ വിവിധ തടസ്സങ്ങൾ മൂലം ഈ സാംസ്‌കാരിക സ്വപ്നവും യാഥാർഥ്യമാകാതെ പോയി. പിന്നീട് ആ സ്ഥലം മറ്റു ആവശ്യങ്ങൾക്കായി മാറ്റിവച്ചെങ്കിലും അവയും നടപ്പായില്ല.
കണ്ണൂരുമായി ശ്രീനിവാസന്റെ ബന്ധം സിനിമാതലത്തിലും വ്യക്തിപരമായും ഏറെ ആഴമുള്ളതായിരുന്നു. 'അയാൾ കഥയെഴുതുകയാണ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും കണ്ണൂരിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |