ആലപ്പുഴ: ആലപ്പി ആഷ്റഫ് ആദ്യമായി സംവിധാനം ചെയ്ത് 1982ൽ റിലീസ് ചെയ്ത ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തിൽ, ചെറിയൊരു കള്ളം പറഞ്ഞ് ശ്രീനിവാസനെക്കൊണ്ട് മമ്മൂട്ടിക്ക് ശബ്ദം നൽകിയ സംഭവം പ്രൊഡക്ഷൻ എക്സിക്യുട്ടീവായിരുന്ന എ.കബീറിന് ഇപ്പോഴും നല്ല ഓർമ്മയുണ്ട്.
പ്രേംനസീർ നായകനും സീമ നായികയുമായ ചിത്രത്തിൽ കാഴ്ചയില്ലാത്ത യുവാവായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അന്ന് മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്. അതുകാരണം മമ്മൂട്ടിയുടെ ബാലചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ ഡബ്ബിംഗ് മാത്രം നടന്നിട്ടില്ല. സിനിമയുടെ റിലീസ് തീയതിയും അടുത്തു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. പ്രശ്നം പരിഹരിക്കുന്നതിനായി ആലപ്പി അഷ്റവും കബീറും നേരെ ശ്രീനിവാസനെ ചെന്നുകണ്ടു. കഥാപാത്രത്തിന് ഡബ് ചെയ്യണമെന്നും മമ്മൂട്ടി പറഞ്ഞിട്ടാണെന്നുള്ള ഒരു കള്ളവും പറഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല, ശ്രീനിവാസൻ മമ്മൂട്ടിക്ക് ശബ്ദം നൽകി. എന്നാൽ, ഇക്കാര്യം അറിയാതെ
റിലീസിന് ദിവസങ്ങൾക്ക് മുമ്പ് ഡബ് ചെയ്യാൻ മമ്മൂട്ടി ചെന്നൈയിലെത്തി.
അപ്പോഴാണ് അദ്ദേഹം കാര്യം അറിഞ്ഞത്. അതിൽ മമ്മൂട്ടി പരിഭവവും പറഞ്ഞതായും കബീർ പറയുന്നു. എന്നാൽ, പിന്നീട് ഇതൊരു തമാശക്കഥയായി. അവർ ഒരുമിക്കുന്ന സദസുകളിലെ സ്ഥിരം കഥയായി ഇത് മാറുകയും ചെയ്തു.
രജനിയെ കാണാൻ ശ്രീനി
പി.വാസു സംവിധാനം ചെയ്ത രജനീകാന്തിന്റെ കുസേലൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴ പുന്നമടയിൽ നടക്കുന്ന സമയം. സുഹൃത്തും സഹപാഠിയുമായ രജനീകാന്തിനെ കാണാൻ ഭാര്യയ്ക്കൊപ്പം ശ്രീനിവാസൻ ആലപ്പുഴയിലെത്തി. അദ്ദേഹത്തോടൊപ്പം ഒരുപാട് സമയം ചെലവഴിച്ച ശേഷമാണ് ശ്രീനിവാസൻ മടങ്ങിയതെന്നും കബീർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |