തിരുവനന്തപുരം: സംരക്ഷണ നടപടികളില്ലാത്തതിനാൽ ജില്ലയിലെ പനയോല,ഈറ്റ വ്യവസായങ്ങൾ പ്രതിസന്ധിയിൽ.പനയോല,ഈറ എന്നിവയിൽ നിന്ന് മുറം,അരിവട്ടി,പായ,കടവം തുടങ്ങിയ ഗാർഹികോപകരണങ്ങളും തൊപ്പി,ബാഗ്,ലൈറ്റ് കവറുകൾ തുടങ്ങിയ കരകൗശലവസ്‌തുക്കളും നിർമ്മിക്കുന്ന കുടിൽ വ്യവസായങ്ങളാണ് പ്രതിസന്ധിയിലായത്.തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ മേഖലയിലെ പരമ്പരാഗത തൊഴിലാളികൾ.
പ്ലാസ്റ്റിക്കിൽ നിർമ്മിക്കുന്ന സമാന ഉത്പന്നങ്ങളുടെ തള്ളിക്കയറ്രവും,ഈറ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സർക്കാർ പദ്ധതികളില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.ബാംബു കോർപറേഷനിൽ നിന്ന് നൽകിയിരുന്ന ഈറ്റയുടെ ദൗർലഭ്യവും തിരിച്ചടിയാണ്. ഈറ്റയുടെ ലഭ്യത ഉറപ്പാക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. മുൻപ് വനത്തിൽ നിന്ന് ഈറ്റ ശേഖരിക്കാൻ തൊഴിലാളികൾക്ക് അനുവാദമുണ്ടായിരുന്നെങ്കിലും, നിലവിൽ വനം അധികൃതരുടെ നിയന്ത്രണമുണ്ട്.
ഒരു പഞ്ഞവുമില്ലാതെ ലഭിച്ചിരുന്ന പനയോലയും ഇപ്പോൾ കിട്ടാനില്ലെന്ന് തൊഴിലാളികൾ പറയുന്നു.പനകൾ മുറിച്ചതോടെയാണ് ലഭ്യത കുറഞ്ഞത്.
പനയോല - ഈറ ഉത്പന്നങ്ങൾക്ക് ഒരുകാലത്ത് നിരവധി ആവശ്യക്കാരുണ്ടായിരുന്നു. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ എന്ന നിലയിൽ ഗുണകരമായിരുന്ന ഇവയുടെ നിർമ്മാണവും വില്പനയും പ്രതിസന്ധിയിലായതോടെ,മേഖലയിൽ പണിയെടുക്കുന്നവരുടെ ജീവിതമാണ് വഴിമുട്ടിയത്.
ജില്ലയിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലാണ് പ്രധാനമായും ഈ വ്യവസായം നിലവിലുള്ളത്.മറ്രു താലൂക്കുകളിലും ഈ മേഖലയിൽ പണിയെടുക്കുന്നവരുണ്ട്. മലയോര, വനമേഖലകളിൽ ആയിരങ്ങളാണ് ഈ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നത്. തുച്ഛമായ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്. അതുപോലും ഇപ്പോൾ കിട്ടുന്നില്ലെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |