ആലപ്പുഴ: നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾ ഊർജസ്വലമാക്കാൻ പുതിയ നഗരസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. നഗരസഭാ ശതാബ്ദിമന്ദിര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ചടങ്ങുകൾ. ബീച്ച് വാർഡിൽ നിന്ന് വിജയിച്ച മുതിർന്ന അംഗവും യു.ഡി.എഫ് കൗൺസിലറുമായ മോളി ജേക്കബിന് ഡെപ്യൂട്ടി കളക്ടർ ജെ.മോബി സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം നഗരസഭാ സെക്രട്ടറിയുടെ ചാർജുള്ള മുനിസിപ്പൽ എൻജിനീയർ ഷിബു നാലപ്പാട്ട് സ്നേഹോപഹാരം നൽകി ഇവരെ സ്വീകരിച്ചു. തുടർന്ന് മോളി ജേക്കബ് മറ്റംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബി.ജെ.പി.കൗൺസിലർമാർ പ്രതിജ്ഞ ചൊല്ലിയത് ശ്രീരാമനാമത്തിലായിരുന്നു. എൽ.ഡി.എഫിലെ മൂന്നു കൗൺസിലർമാർ ദൈവനാമത്തിലാണ് ദൃഢപ്രതിജ്ഞ ചെയ്തത്. എൽ.ഡി.എഫിലെ മറ്റുകൗൺസിലർമാർ ദൃഢപ്രതിജ്ഞയെടുത്തപ്പോൾ കറുകയിൽ വാർഡിൽ നിന്ന് വിജയിച്ച ഇടത് കൗൺസിലർ എം.എസ്. മേനക, മന്നത്ത് വാർഡിലെ യു.ഡി.എഫ് കൗൺസിലർ പി.വി. വേണുഗോപാൽ എന്നിവർ ശ്രീനാരായണ ഗുരുനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. യു.ഡി.എഫിലുള്ളവരും പി.ഡി.പി, എസ്.ഡി.പി.ഐ ദൈവനാമത്തിലും അള്ളാഹുവിന്റെ നാമത്തിലും പ്രതിജ്ഞയെടുത്തു. മംഗലം വാർഡിലെ സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ പ്രപഞ്ചസൃഷ്ടാവിന്റെ പേരിലും ദൃഢപ്രതിജ്ഞയെടുത്തു.
അധികാരമേൽക്കൽ ആഘോഷമാക്കി
ബന്ധുക്കൾക്കും പ്രവർത്തകർക്കൊപ്പവുമാണ് അധികാരമേൽക്കാൻ സ്ഥാനാർത്ഥികളെത്തിയത്. സീറ്റുകളുടെ എണ്ണം വർദ്ധിച്ചതിന്റെ ആഹ്ലാദത്തിൽ ബി.ജെ.പി പടക്കം പൊട്ടിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുശേഷം കൗൺസിൽ ഹാളിൽ മോളി ജേക്കബിന്റെ അദ്ധ്യക്ഷതയിലായിരുന്നു ആദ്യയോഗം. ഇതിൽ നഗരസഭാദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വായിച്ചതോടെ യോഗം പിരിഞ്ഞു. പുതിയ നഗരസഭാ കൗൺസിലിൽ ബീച്ച് വാർഡിൽ നിന്നു വിജയിച്ച യു.ഡി.എഫിലെ മോളി ജേക്കബാണ് മുതിർന്ന അംഗം. മുല്ലാത്തുവളപ്പ് വാർഡിൽ നിന്നു വിജയിച്ച എസ്.ഡി.പി.ഐ.യുടെ കൗൺസിലർ സാഹിലമോളാണ് പ്രായം കുറഞ്ഞ കൗൺസിലർ. അധികാരമേൽക്കാനായി ബി.ജെ.പി കൗൺസിലർ ദീപ്തി ഉണ്ണികൃഷ്ണനെത്തിയത് ആശുപത്രിയിൽ നിന്നായിരുന്നു. തലയിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിന്റെ വിശ്രമത്തിലായിരുന്നു. ബി.ജെ.പി. പ്രവർത്തകരുടെ സഹായത്തോടെയാണ് വേദിയിലേക്കും കൗൺസിൽ ഹാളിലേക്കുമെത്തിയത്.
ജോസ് ചെല്ലപ്പന്റെ തീരുമാനം ഉടൻ
നഗരസഭയിൽ ഏതുമുന്നണിക്ക് പിന്തുണ നൽകുമന്ന് അടുത്ത ദിവസം അറിയിക്കുമെന്ന് മംഗലം വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ അറിയിച്ചു. വാർഡിലെ സുഹൃദ്കൂട്ടായ്മയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. അതിൽ ചർച്ചകൾ സമവായത്തിലെത്തിയിട്ടില്ല. ജോസ് ചെല്ലപ്പന്റെ തീരുമാനവും നഗരസഭയിൽ നിർണായകമാകും. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്നതിൽ പി.ഡി.പിയും ചർച്ച തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |