SignIn
Kerala Kaumudi Online
Thursday, 19 February 2026 12.28 AM IST

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ: അപേക്ഷകൾ ഇന്ന് മുതൽ

Increase Font Size Decrease Font Size Print Page

സ്ത്രീ സുരക്ഷ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കൊല്ലം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും. സംസ്ഥാനത്തെ മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭി​ക്കും.

ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്ക് അപേക്ഷി​ക്കാം. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തെറ്റായ വിവരങ്ങൾ നൽകരുത്

ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കും.

അപേക്ഷയോടൊപ്പം വേണ്ടത്

 പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന്

 ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്

 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ് കോഡ്, ആധാർ വിവരങ്ങൾ

 സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY