
കോട്ടയം: തണ്ണീർമുക്കം ബണ്ടടച്ച് ഒരാഴ്ചയായിട്ടും ഓരുമുട്ടുകളുടെ നിർമ്മാണം ആരംഭിക്കാത്തതിനാൽ ഉപ്പുവെള്ളം കയറി നെൽക്കൃഷി നശിക്കുമെന്ന ആശങ്കയിൽ കർഷകർ. വൈകിയാൽ ഉപ്പിന്റെ അംശം വെള്ളത്തിൽ കലരും കുടിവെള്ള സ്രോതസുകൾക്കും ഭീഷണിയാകും. നെൽക്കൃഷിയെയും, ഇടവിളകളെയും ഓരു ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് വേമ്പനാട്ടുകായലുമായി ചേരുന്ന ആറുകളിലും തോടുകളിലും മണ്ണടിച്ച് തെങ്ങ്, കമുക് കുറ്റികളിറക്കി തടയണ നിർമ്മിക്കുന്നത്. വേനൽ ശക്തമാകുമ്പോൾ കടലിൽ നിന്ന് ഉപ്പുവെള്ളം കായലിലെത്തുന്നത് തടയാനാണ് ബണ്ടിന്റെ ഷട്ടറുകൾ അടക്കുന്നത്. ഡിസംബർ 15 ന് അടച്ച് മാർച്ച് 15 നാണ് ബണ്ടിന്റെ ഷട്ടർ സാധാരണ തുറക്കുക. എല്ലാവർഷവും രണ്ടും മാസം വരെ നീളാറുണ്ട്. ഈ വർഷം ഡിസംബർ 15 ന് തന്നെ 90 ഷട്ടറുകളും അടച്ചു. വൈക്കം, വെച്ചൂർ, തലയാഴം, ടി.വി പുരം,ഉദയനാപുരം ചെമ്പ്, തലയോലപ്പറമ്പ്, മറവൻതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിൽ വേമ്പനാട്ടുകായലുമായി ചേരുന്നിടത്തും, കോട്ടയത്ത് മീനച്ചിലാർ വേമ്പനാട്ടുകായലുമായി ചേരുന്നിടത്തും ഓരുമുട്ടുകൾ സ്ഥാപിക്കണം.
പഴി തദ്ദേശ തിരഞ്ഞെടുപ്പിന്
തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ ഓരുമുട്ട് നിർമ്മാണ ടെണ്ടർ ജോലികൾ ആരംഭിക്കാൻ കഴിഞ്ഞില്ല. നടപടി ക്രമങ്ങൾ പൂർത്തിയാകുമ്പോൾ അടുത്ത മാസമാകും. അപ്പർകുട്ടനാട്ടിൽ ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ നെൽക്കൃഷിയ്‌ക്ക് പുറമേ വാഴ, കപ്പ, പച്ചക്കറി ഇടവിളകളുമുണ്ട്. താത്കാലിക ഓരുമുട്ടിനായി ഉപയോഗിക്കുന്ന മണ്ണിന്റെയും തെങ്ങ് ,കമുക് എന്നിവയുടെയും പേരിൽ ജലസേചനവകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കമ്മീഷനടിക്കാനായി എല്ലാവർഷവും താത്കാലിക തടയണകളാണ് നിർമ്മിക്കുന്നത്.
കുടിവെള്ള പമ്പിംഗിനെയും ബാധിക്കും
താഴത്തങ്ങാടി ഭാഗത്ത് ഓരുമുട്ടുകൾ സ്ഥാപിക്കാൻ വൈകുന്നത് കുടിവെള്ള പമ്പിംഗിനെയും ബാധിക്കും. ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതലാണ്. ലവണാംശം വെള്ളത്തിൽ കൂടുന്നത് പൂവത്തുംമൂട്ടിലെ പമ്പിംഗിനെ വരെ ബാധിക്കും. മീനച്ചിലാറ്റിൽ റഗുലേറ്റർ കംബ്രിഡ്ജ് സംവിധാനം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
അലയടിച്ച് ആശങ്ക
ഉപ്പിന്റെ അംശം ചെറിയ അളവിലാണെങ്കിൽ പോലും കൃഷി നശിക്കും
ചില പാടങ്ങളിൽ ഉപ്പുവെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്
തോടുകളിൽ നിന്നാണ് പാടത്തേക്ക് വെള്ളം കയറ്റുന്നത്
ആവശ്യത്തിനു വെള്ളം കയറ്റാതെ വന്നാൽ നെല്ല് ഉണങ്ങും
''തണ്ണീർമുക്കം ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയാലും പഴകി തുരുമ്പിച്ച ഷട്ടറുകൾക്കിടയിലൂടെ ഉപ്പുവെള്ളം കയറും. ഷട്ടറിന്റെ അടിയിൽ വലിയ കല്ല് വച്ച് മത്സ്യത്തൊഴിലാളികൾ മീൻപിടിക്കുന്നതാണ് ഉപ്പുവെള്ളം കയറാൻ കാരണം.
ഗോപാലൻകുട്ടി, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |