കൊച്ചി: ഞായറാഴ്ച രാത്രി സൂപ്രണ്ട് സാർ വിളിച്ച് ഇക്കാര്യം പറഞ്ഞതുമുതൽ, ഹയാത്തിലേക്കും തിരിച്ച് ഹൃദയവുമായി കൊച്ചിയിലേക്കും ആംബുലൻസ് ഓടിക്കുമ്പോൾ മനസിലുണ്ടായിരുന്നത് ഒരു നിമിഷം പോലും വൈകാതെ ഹൃദയം ആശുപത്രിയിലെത്തിക്കുക എന്നായിരുന്നു...
എറണാകുളം ജനറൽ ആശുപത്രിയിലെ ചരിത്ര ഹൃദയമാറ്റത്തിൽ ഹൃദയവും വഹിച്ചുകൊണ്ടുള്ള കെ.എൽ-07 ഡി.എഫ്. 9824 ആംബുലൻസിന്റെ സാരഥി ആലുവ കുട്ടമശേരി സ്വദേശി പി.എ.നസീറിന്റെ വാക്കുകളിലത്രയും സന്തോഷവും അഭിമാനവും.
14 വർഷമായി ആംബുലൻസ് ഓടിക്കുന്ന നസീർ മൂന്നര വർഷം മുൻപാണ് ജനറൽ ആശുപത്രിയിലെത്തിയത്. പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും ആശുപത്രി സൂപ്രണ്ട് ഡോ.ഷഹീർ ഷായുമെല്ലാം എല്ലാ നിർദ്ദേശങ്ങളും നൽകിയതോടെ യാത്ര എളുപ്പമായെന്ന് നസീർ പറഞ്ഞു.
അഞ്ചു മിനിറ്റ് കൊണ്ട് ഹൃദയം ഹയാത്തിൽ നിന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കണമെന്നായിരുന്നു ഉദ്ദേശിച്ചതെങ്കിൽ നാലു മിനിറ്റിൽ ഓടിയെത്താനായെന്ന് സഹഡ്രൈവർ സുൾഫിക്കറും പറഞ്ഞു. ആദ്യ ആംബുലൻസിൽ ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഹൃദയവുമായുണ്ടായിരുന്നത്. രണ്ടാമത്തെ ആംബുലൻസിൽ സുജിത്. സുനിൽ, അരുൺ എന്നീ ആംബുലൻസ് ഡ്രൈവർമാരും ആശുപത്രി ജീവനക്കാരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |