
തൃശൂർ: ഒച്ചയനക്കങ്ങളില്ലാത്ത ലോകത്തിരുന്ന് സർക്കാർ ജോലിക്കായി കാത്തിരിക്കുകയാണ് ആതിര. എൽ.ഡി ക്ലർക്ക് പരീക്ഷയിൽ ഭിന്നശേഷി സംവരണത്തിൽ പതിനേഴാം റാങ്ക്, ബി.എസ്.സി കമ്പ്യൂട്ടർ സയൻസിന് കോളേജിൽ ഒന്നാം റാങ്ക്. ജന്മമനാൽ ബധിരയെങ്കിലും പഠനത്തിൽ മിടുക്കിയാണ് ആതിര. എൽ.ഡി ക്ലർക്ക് പരീക്ഷയിൽ പതിനാല് റാങ്ക് വരെയുള്ളവർക്ക് നിയമനമായി. ലാബ് അസിസ്റ്റന്റ് പരീക്ഷയിലും നാലാം റാങ്കുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയും എഴുതി. ബിരുദപഠനം കഴിഞ്ഞ് കുറേനാൾ ജോലിക്കായി അലഞ്ഞു. ഒടുവിൽ തൃശൂരിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ടി.ആർ.വിജയകുമാറാണ് ബില്ലിംഗ് സെക്ഷനിൽ ജോലി നൽകിയത്. സൂപ്പർമാർക്കറ്റിൽ ബധിരരായ ജീവനക്കാരുണ്ട്. അതുകൊണ്ട് ആതിരയ്ക്ക് സന്തോഷമായി.
വേഗത്തിലും കാര്യക്ഷമമായും ബില്ലിംഗ് നടത്തുന്നത് ആതിരയാണെന്നാണ് സഹപ്രവർത്തകരുടെ സാക്ഷ്യം. 1991ൽ ആരംഭിച്ച കേരളത്തിലെ ആദ്യകാല സൂപ്പർമാർക്കറ്റുകളിലൊന്നായ എലൈറ്റിൽ തുടക്കം മുതൽക്കേ നിരവധി ഭിന്നശേഷിക്കാർക്ക് ജോലി നൽകാറുണ്ടെന്ന് വിജയകുമാർ പറയുന്നു.
നർത്തകി, ചിത്രകാരി
ചിത്രം വരച്ചും നൃത്തം ചെയ്തും റാങ്ക് നേടിയും വിസ്മയിപ്പിച്ചിട്ടുണ്ട് ഈ കലാകാരി. കാലടി മാണിക്യമംഗലം സെന്റ് ക്‌ളയേഴ്‌സ് സ്‌പെഷ്യൽ സ്‌കൂളിൽ പ്ലസ്ടു റാങ്കോടെയാണ് പാസായത്. ഷൊർണൂരിൽ ഭാരതീയാർ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കേന്ദ്രത്തിൽ നിന്ന് ബി.എസ്.സി കമ്പ്യൂട്ടർ സയൻസും റാങ്കോടെ ജയിച്ചു. അയ്യന്തോൾ അമൃത സ്‌പെഷ്യൽ സ്‌കൂളിലും പഠന മികവ് പുലർത്തി.
ഇയർഫോണിൽ പഠനം
പാലയ്ക്കൽ പാലിശേരി തുമ്പയിൽ ക്ഷേത്രം വഴിയിൽ ചാത്തക്കുടത്ത് വീട്ടിലാണ് താമസം. അച്ഛൻ മോഹനൻ പാചകക്കാരനാണ്. ഇയർ ഫോൺ ഉപയോഗിച്ചായിരുന്നു ആതിരയുടെ പഠനം. ഏഴ് വയസ് വരെ ചികിത്സിച്ചു. സാമ്പത്തിക പരാധീനതകൾക്കിടയിലും ആതിരയുടെ ചികിത്സയ്ക്കും പഠനത്തിനുമായി അമ്മ വത്സല പോകാത്ത സ്ഥലങ്ങളില്ല. കൊവിഡ് കാലത്ത് കുപ്പികളിൽ ചിത്രം വരച്ചും ആതിര ശ്രദ്ധ നേടി.
കേൾക്കില്ലെങ്കിലും മകളോട് എപ്പോഴും സംസാരിക്കുമായിരുന്നു. അവളെപ്പോലുള്ളവരെ നിരാശരാക്കരുത്. നിരുത്സാഹപ്പെടുത്തരുത്. ഒരു പാട് കഷ്ടപ്പെട്ടാണ് വളർത്തിയത്.
വത്സല
അമ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |