തൃശൂർ: കോർപറേഷനിൽ ആരാദ്യം മേയറാകുമെന്ന തർക്കം തുടരുന്നു. കോൺഗ്രസ് കൗൺസിലർമാരിൽ നിന്ന് രണ്ട് വനിതകളാണ് മേയറാകുക. പക്ഷേ ആരെ ആദ്യം മേയറാക്കുമെന്നതിൽ അന്തിമ തീരുമാനമായില്ല. സുബി ബാബുവിന്റെയും ലാലി ജെയിംസിന്റെയും പേരുകളാണ് മേയർ സ്ഥാനത്തേക്ക് വന്നിരിക്കുന്നത്. സാമുദായിക സന്തുലിതാവസ്ഥ കണക്കിലെടുത്താൽ ഡി.സി.സിയിൽ ക്രിസ്ത്യൻ പ്രസിഡന്റായതിനാൽ കോർപറേഷനിൽ വേറെ സമുദായത്തിൽ നിന്നുള്ളവർ ആദ്യം വരട്ടെയെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. അങ്ങനെ തീരുമാനിച്ചാൽ സുബി ബാബു മേയറാകും. മുമ്പ് കോർപറേഷനിൽ ഡെപ്യൂട്ടി മേയറായി ഭരണം നടത്തിയ പരിചയവുമുണ്ട്. അത് വേണ്ടെന്ന് വച്ചാൽ ലാലി ജെയിംസാകും മേയർ. മേയർ സ്ഥാനത്ത് ലാലി ജെയിംസ് വന്നാൽ ഡെപ്യൂട്ടി മേയർ എ. പ്രസാദാകും. സുബി ബാബു വന്നാൽ ബൈജു വർഗീസ് ഡെപ്യൂട്ടി മേയറാകും.
നേതൃത്വം തീരുമാനമെടുക്കും
33 പേരും കോൺഗ്രസ് കൗൺസിലർമാരായതിനാൽ വിഷയത്തിൽ മറ്റു കക്ഷികളുടെ അഭിപ്രായം തേടേണ്ടതില്ല. ഡി.സി.സിക്ക് തന്നെ തീരുമാനമെടുക്കാം. ആദ്യം മേയറാകണമെന്ന് ആരെങ്കിലും വാശി പിടിച്ചാൽ നേതൃത്വത്തിന് കർശന നടപടി സ്വീകരിക്കേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ തർക്കങ്ങൾ രൂക്ഷമാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് കെ.പി.സി.സി നിർദ്ദേശം. ഡി.സി.സി നിശ്ചയിക്കുന്ന പേരിന് കെ.പി.സി.സി അംഗീകാരം നൽകും. മുമ്പുള്ളതുപോലെ ഗ്രൂപ്പ് തർക്കത്തിന് ഇത്തവണ പ്രസക്തിയില്ല. സാമുദായിക പരിഗണന മാത്രമാണ് മേയർ സ്ഥാനത്തേക്കുള്ളത്.
രണ്ടര വർഷം കരാർ
പലപ്പോഴും ആദ്യം മേയറാകുന്നവർ ഒഴിയാകാറുമ്പോൾ കസേര വിടാതെ ഇരിക്കുന്നതാണ് പതിവ്. ആതിനാൽ തുടക്കത്തിൽ തന്നെ കരാറുണ്ടാക്കി അവരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമാണ് മേയർ സ്ഥാനത്തേക്ക് ഡി.സി.സി പേര് നിശ്ചയിക്കുക. മുമ്പ് കോൺഗ്രസ് മേയർ സ്ഥാനം രാജിവയ്ക്കുന്ന സാഹചര്യം വന്നപ്പോൾ തർക്കമുണ്ടായിരുന്നു. ഇത് ഇത്തവണ ഇല്ലാതിരിക്കാനാണ് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ടേം വ്യവസ്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |