കൊച്ചി: ക്യാൻവാസിൽ ഒതുങ്ങുന്നതല്ല മീനു ജെയിംസിന്റെ ചിത്രങ്ങൾ. കൈക്കുള്ളിൽ ഒതുക്കിപ്പിടിക്കാവുന്ന, തൊട്ടുനോക്കാവുന്ന ഓർമ്മകളാണ്. കൊച്ചി മുസിരിസ് ബിനാലെയിൽ ഐലൻഡ് വെയർ ഹൗസിൽ ഒരുക്കിയ 'ടോപ്പോഗ്രാഫി" കലാസൃഷ്ടിയിൽ വരാപ്പുഴ വരിച്ചിടുകയാണ് കൂനമ്മാവ് സ്വദേശിയായ യുവകലാകാരി.
മരക്കഷണങ്ങളുടെ അഞ്ച് വശങ്ങളിലാണ് മീനു ചിത്രങ്ങൾ വരക്കുന്നത്. ഓർമ്മകളുടെ ത്രിമാന രൂപങ്ങൾ പോലെ ആസ്വാദകരുടെ മനസിൽ തങ്ങി നിൽക്കും. മരത്തിലും ഗ്ലാസിലും അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് രചന. തൊണ്ണൂറുകളിൽ ജനിച്ചവർക്കും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളെ തൊട്ടുണർത്തുന്നതാണ് സൃഷ്ടി.
തന്റെ നാടിനുണ്ടായ മാറ്റങ്ങളെയാണ് മീനു അടയാളപ്പെടുത്തുന്നത്. 1990- 2000 കാലഘട്ടത്തിലെ ചേന്നംപള്ളി, കോട്ടുവള്ളി ഗ്രാമങ്ങളുടെ ഭൂപ്രകൃതിയും സാമൂഹിക ജീവിതവുമാണ് പ്രമേയം. തകരുന്ന മത്സ്യബന്ധന മേഖലയും, റിയൽ എസ്റ്റേറ്റ് കടന്നുകയറ്റം മൂലം കുടിയൊഴിഞ്ഞുപോകേണ്ടി വരുന്ന പരമ്പരാഗത സമൂഹങ്ങളുടെ വേദനയും ചിത്രങ്ങളിലുണ്ട്. ഇവ സ്വന്തം അനുഭവം തന്നെയാണെന്ന് മീനു പറയുന്നു.
പഴയ കൊച്ചി രാജ്യത്ത് കണ്ടിരുന്ന വീടുകളുടെ ഡിസൈൻ മനോഹരമായാണ് മീനു പകർത്തിയത്. ഓർമ്മകളെ കൈയിൽ കൊണ്ടു നടക്കാനാണ് ആഗ്രഹമെന്നും മീനു പറയുന്നു.
നദി, വെള്ളം, മണ്ണ്, ആകാശം എന്നിവയുടെ കടുംനിറങ്ങൾ മീനുവിന്റെ ചിത്രങ്ങളിൽ കാണാം. പകൽവെളിച്ചത്തിന്റെയും സന്ധ്യയുടെയും മാറ്റങ്ങൾ, ചെറിയ വള്ളങ്ങൾ, ചീനവലകൾ, പഴയ സ്‌കൂളുകൾ എന്നിവ മരക്കഷണങ്ങളിൽ തെളിയുന്നു.
നോട്ടുബുക്കും വർക്കിംഗ് നോട്ട്ബുക്കിന്റെ പകർപ്പും പ്രദർശനത്തിലുണ്ട്. വ്യക്തിപരമായ ഓർമ്മകളും ഗൃഹാതുരത്വവും യാഥാർത്ഥ്യങ്ങളും നാടിന്റെ ഭൂപടമായി മാറുന്നതാണ് പ്രദർശനം തെളിയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |