
കണ്ണൂർ: തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയിൽ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയിൽ. വിദ്യാർത്ഥികൾ മുതൽ വയോജനങ്ങൾ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു.
കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. വളർത്തു മൃഗങ്ങൾക്കും കടയേറ്റിട്ടുണ്ട്. തെരുവുനായ്ക്കളെ പിടിക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പേയിളകിയ നായയെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
കഴിഞ്ഞ ആറ് വർഷത്തിനിടെ ജില്ലയിൽ മാത്രം 75,199 പേർക്ക് തെരുവുനായയുടെ കടിയേറ്റതായാണ് കണക്കുകൾ.
വർഷംതോറും നായകളുടെ കടിയേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ ഭീകരമായ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്.2019ലെ സെൻസസ് പ്രകാരം ജില്ലയിൽ 23,666 തെരുവുനായകളുണ്ടെന്നായിരുന്നു കണ്ടെത്തൽ. ആറുവർഷത്തിനുശേഷം ഈ എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
പ്രതിരോധം പടിയൂരിലെ വന്ധ്യംകരണം മാത്രം
ജില്ലയിൽ ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) വഴി പടിയൂരിലെ കേന്ദ്രത്തിൽ നായ വന്ധ്യംകരണം നടത്തുന്നതിൽ ഒതുങ്ങുകയാണ് തെരുവുനായ നിയന്ത്രണം. തദ്ദേശസ്ഥാപനങ്ങൾ മറ്റൊന്നും തന്നെ ചെയ്യുന്നില്ലെന്നാണ് പരാതി.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിളോട് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു തെരുവുനായ ശല്യത്തിനുള്ള പരിഹാരം. കണ്ണൂർ നഗരത്തിൽ ഒറ്റ ദിവസം തന്നെ നിരവധി പേർക്ക് തുടർച്ചയായി കടിയേറ്റപ്പോൾ കോർപ്പറേഷനും പഞ്ചായത്തുകളും പ്രതിരോധത്തിനിറങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് ചൂടിൽ നടപടികൾ അവസാനിച്ചു.
താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കാതെ തദ്ദേശസ്ഥാപനങ്ങൾ
പിടികൂടുന്ന നായകളെ വന്ധ്യംകരിക്കുന്നതിന് മുന്നോടിയായും വന്ധ്യംകരണത്തിന് ശേഷവും താമസിപ്പിക്കാനുള്ള താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കാൻ ജില്ലാപഞ്ചായത്ത് നൽകിയ നിർദേശം തദ്ദേശസ്ഥാപനങ്ങൾ പാലിക്കാൻ തയ്യാറായിട്ടില്ല. മതിയായ സ്ഥലം കണ്ടെത്താത്തതാണ് പ്രതിസന്ധിയെന്ന് തദ്ദേശസ്ഥാപന പ്രതിനിധികൾ പറയുന്നു.
കണ്ണൂരിൽ തെരുവുനായ ആക്രമണം
2020- 3,998
2021- 15,299
2022- 18,584
2023- 15,760
2024- 15,148
2025 (ആഗസ്റ്റ് വരെ): 12,171
സംസ്ഥാനത്ത് തെരുവുനായ കടിയേറ്റത് (ആഗസ്റ്റ് വരെ):
തിരുവനന്തപുരം (40,413), കൊല്ലം (31,015), പാലക്കാട് (24,065), ആലപ്പുഴ (23,969), എറണാകുളം (23,877), തൃശൂർ (23,580), കോട്ടയം (17,956), പത്തനംതിട്ട (14,494), കോഴിക്കോട് (14,186), മലപ്പുറം (8,228), ഇടുക്കി (7,646), കാസർകോട് (6,410), വയനാട് (4,551)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |