നിർണായകമായ 72 മണിക്കൂറുകൾ പിന്നിട്ടു
കൊച്ചി: രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് നിർണായകമായ 72 മണിക്കൂറുകൾ പിന്നിട്ടതോടെ നേപ്പാൾ സ്വദേശിനി ദുർഗ കാമി(21)യുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു. പ്രത്യേക ഐ.സി.യുവിൽ തുടരുന്ന ദുർഗ ഇപ്പോൾ ആഹാരവും വെള്ളവും ആവശ്യപ്പെടുന്നുണ്ട്. ദ്രവരൂപത്തിലാണ് ഭക്ഷണം നൽകുന്നത്. സഹോദരൻ തിലക് കാമി എന്നും ദുർഗയെ സന്ദർശിക്കുന്നുണ്ട്.
വെന്റിലേറ്റർ പിന്തുണയുണ്ടെങ്കിലും 72 മണിക്കൂറുകളെന്ന കടമ്പ പിന്നിട്ടതിൽ ഡോക്ടർമാർ ആശ്വാസത്തിലാണ്. പുതുഹൃദയം തിരസ്‌കരിക്കാനുള്ള ശരീരത്തിന്റെ പ്രവണത തടയുന്നതിനുള്ള മരുന്നുകളും ആന്റി റിജക്ഷൻ, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളും തുടരും.
ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള എട്ട് ഡോക്ടർമാർ രണ്ട് ടീമുകളായി തിരിഞ്ഞ് നിരീക്ഷണം തുടരുന്നുണ്ട്. 30ലേറെ നഴ്സുമാരും ദുർഗയുടെ പരിചരണത്തിനായുണ്ട്. ഡോക്ടർമാർ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ താമസിച്ചാണ് ദുർഗയെ ചികിത്സിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി കാർഡിയാക് സാർക്കോയിഡോസിസ് രോഗം ബാധിച്ച ദുർഗ കാമിക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബു (47)വിന്റെ ഹൃദയം തുന്നിച്ചേർത്തത്.
ദുർഗയുടെ ആരോഗ്യനിലയിലെ പുരോഗതി ഏറെ ആശാവഹമാണ്. 72 മണിക്കൂറുകൾ പിന്നിട്ടുവെന്നത് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു
ഡോ.ജോർജ് വാളൂരാൻ
കാർഡിയോ തൊറാസിക് ശസ്ത്രക്രിയാ വിദഗ്ദ്ധൻ
ദുർഗയുടെ തുടർപരിചരണങ്ങളിൽ ആശുപത്രിയുടെ കൃത്യമായ മേൽനോട്ടം ഉണ്ടാകും.
ഡോ.ആർ. ഷഹീർഷാ
സൂപ്രണ്ട്
എറണാകുളം ജനറൽ ആശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |