
കണ്ണൂർ: അഡ്വ.പി.ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 56 അംഗ കോർപ്പറേഷൻ കൗൺസിലിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിര 36 വോട്ടുകൾ നേടിയാണ് അദ്ധ്യക്ഷപദവിയിലെത്തിയത്. എൽ.ഡി.എഫിലെ വി.കെ. പ്രകാശിനിക്ക് 15 വോട്ടും ബി.ജെ.പി സ്ഥാനാർഥി അർച്ചന വണ്ടിച്ചാലിന് നാല് വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. എസ്.ഡി.പി.ഐയിലെ സമീറ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കഴിഞ്ഞ കോർപ്പറേഷൻ കൗൺസിലിൽ ഡെപ്യൂട്ടി മേയറായിരുന്ന അഡ്വ.പി.ഇന്ദിര നിലവിൽ പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിമത സ്ഥാനാർത്ഥി ഉൾപ്പെടെ ഉയർത്തിയ വെല്ലുവിളി നേരിട്ടായിരുന്നു വിജയം.ഇതോടെ സംസ്ഥാനത്ത് നാല് കോർപറേഷനുകളിൽ കോൺഗ്രസിന് മേയർ സ്ഥാനങ്ങൾ ലഭിച്ചു.
സത്യപ്രതിജ്ഞ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ
കണ്ണൂർ സ്റ്റേഡിയം കോർണറിൽ പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കെ.സുധാകരൻ എം.പി, കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് മുൻ മേയർമാർ,, വിവിധ കക്ഷി നേതാക്കൾ, കൗൺസിലർമാർ, ചേംബർ ഭാരവാഹികൾ എന്നിവരുൾപ്പെടെ പങ്കെടുത്തു.
സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേക ശ്രദ്ധ നൽകും: മേയർ
തന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് മേയർ പദവിയെ കാണുന്നതെന്നായിരുന്നു അഡ്വ. പി.ഇന്ദിര പറഞ്ഞത്. പാർട്ടി നേതാക്കളോടും ജനങ്ങളോടും നന്ദി പറയുന്നുവെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പദ്ധതികൾ കൂടുതലായി നടപ്പിലാക്കുമെന്ന് പുതിയ മേയർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സി.പി.എം ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവെന്ന് തെളിഞ്ഞു. അത് ജനങ്ങൾ തള്ളികളഞ്ഞുവെന്നതിന്റെ തെളിവാണ് ഈ വിജയം.കണ്ണൂരിന്റെ മുഖഛായ മാറ്റുമെന്നും പുതിയ മേയർ വ്യക്തമാക്കി.
കെ.പി.താഹിർ ഡെപ്യൂട്ടി മേയർ
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് വാരം ഡിവിഷനിൽ നിന്ന് വിജയിച്ച മുസ്ലിംലീഗിലെ കെ.പി. താഹിർ തിരഞ്ഞെടുക്കപ്പെട്ടു. ഉച്ചയ്ക്ക് ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ സാന്നിദ്ധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായത്.
കോർപ്പറേഷനിലെ ആകെയുള്ള 56 ഡിവിഷനുകളിൽ 36 ഡിവിഷനുകളിൽ യു.ഡി.എഫും പതിനഞ്ചിടത്ത് എൽ.ഡി.എഫും നാലിടത്ത് എൻ.ഡി.എയും ഒരു ഡിവിഷനിൽ എസ്.ഡി.പി.ഐയുമാണ് വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |