രേഖകൾ ഹാജരാക്കിയത് ഡൽഹിയിൽ
കൊച്ചി: യൂറോപ്യൻ രാജ്യമായ നോർവേയിലേക്ക് പോകാൻ തൃപ്പൂണിത്തുറ ഗവ. കോളേജിലെ അദ്ധ്യാപികയാണെന്ന വ്യാജരേഖയും സാലറി സർട്ടിഫിക്കറ്റും ചമച്ച യുവതിക്കെതിരെ കേസ്. ഡൽഹിയിലെ റോയൽ നോർവീജിയൻ എംബസിയിലാണ് തൃശൂർ സ്വദേശിനി വ്യാജരേഖ ഹാജരാക്കിയത്. എംബസി അധികൃതർ തൃപ്പൂണിത്തുറ ഗവ. കോളേജുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ യുവതിക്ക് യാത്രാനുമതി നിഷേധിച്ചു. കോളേജിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ചെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ ഹിൽപാലസ് പൊലീസ് കേസെടുത്തു.
ഈ മാസം 18ന് നോർവീജിയൻ എംബസിയിൽ നിന്ന് ഇമെയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. യുവതി 2013 മുതൽ കോളേജിൽ മലയാളം അദ്ധ്യാപികയാണെന്ന രേഖകളും വിദേശയാത്രയ്ക്കുള്ള കോളേജിന്റെ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സാലറി സ്ലിപ്പുകളുമാണ് എംബസിക്ക് കൈമാറിയത്. പ്രിൻസിപ്പലിന്റെ ലെറ്റർ ഹെഡിലുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിൽ വ്യാജ ഒപ്പും സീലുമുണ്ട്.
ഈ മാസം എട്ടിനാണ് യുവതി എംബസിയിൽ രേഖകൾ ഹാജരാക്കിയത്. ക്രിസ്മസ് അവധി ആഘോഷിക്കാൻ നോർവേയിലേക്ക് പോകുന്നുവെന്നാണ് അപേക്ഷയിൽ നൽകിയിരുന്നത്. കോളേജിലെ ഔദ്യോഗിക ഇമെയിലിൽ സന്ദേശം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ അവിടെ ജോലി ചെയ്യുന്നില്ലെന്നും രേഖകൾ നൽകിയിട്ടില്ലെന്നും കോളേജ് അധികൃതർ ഉറപ്പാക്കി. ഇക്കാര്യം എംബസിയെ ഇമെയിൽ മുഖേന അറിയിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ഹിൽപാലസ് പൊലീസ് പ്രിൻസിപ്പൽ ഡോ. പ്രിയ പി. മേനോന്റെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.
തട്ടിപ്പാണെന്ന് റോയൽ നോർവീജിയൻ എംബസിയെ അറിയിച്ചതിനൊപ്പം പൊലീസിനും വിവരം കൈമാറി. തട്ടിപ്പിന് പിന്നിലുള്ളവരെ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
ഡോ. പ്രിയ പി.മേനോൻ
പ്രിൻസിപ്പൽ
ഗവ. കോളേജ്, തൃപ്പൂണിത്തുറ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |