
തൃശൂർ: ഇക്കുറി തൃശൂർ നഗരവും ജില്ലാ പഞ്ചായത്തും ഭരിക്കാൻ വനിതാ സാരഥികൾ ഒരുങ്ങി..! കോർപറേഷൻ മേയറായി ഡോ. നിജി ജസ്റ്റിൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിനും വനിതാ സാരഥിയെത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മേരി തോമസിന്റെ പേരാണ് പരിഗണിക്കുന്നത്.
മേയർ, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് പുരുഷനോ വനിതയോ എന്നത് നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തുന്നതെങ്കിലും മേയർ വനിതയാകുമ്പോൾ ജില്ലാ പഞ്ചായത്ത് ഭരണം വനിതകളുടെ വീണ്ടും കൈകളിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്.
2005-2010 കാലത്ത് ഡോ. ആർ. ബിന്ദു മേയറായിരിക്കെ മാത്രമായിരുന്നു ഇതിൽ മാറ്റമുണ്ടായത്. കെ.വി. ശ്രീകുമാറും അമ്പാടി വേണുവും ആയിരുന്നു അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചത്. 2015 - 2020 കാലത്ത് അജിത ജയരാജനും അജിത വിജയനും മേയറായിരുപ്പോൾ മേരി തോമസിനായിരുന്നു ജില്ലാ പഞ്ചായത്തിലെ ഊഴം. ഇപ്പോഴിതാ ഡോ. നിജി ജസ്റ്റിൻ മേയറായി എത്തുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും വനിതയെത്തുന്നു.
ജില്ലാ പഞ്ചായത്ത് : മേരി തോമസും ടി.കെ.സുധീഷും സ്ഥാനാർത്ഥികൾ
തൃശൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്ന് സി.പി.എമ്മിലെ മേരി തോമസും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.ഐയിലെ ടി.കെ.സുധീഷും മത്സരിക്കും. മേരിതോമസ് വാഴാനി ഡിവിഷനിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2015 - 2020 കാലഘട്ടത്തിൽ മൂന്നു വർഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറിയുമാണ്.
പൊതുമേഖല സ്ഥാപനമായ എസ്.ഐ.എഫ്.എല്ലിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്. 1995ൽ തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റും 2005 ൽ പ്രസിഡന്റുമായി. കോമേഴ്സ് ബിരുദധാരി കൂടിയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ടി.കെ.സുധീഷ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമാണ്. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |