
തൃശൂർ: കോർപറേഷനിൽ വികസനത്തിന്റെ തുടിപ്പും മിടിപ്പുമറിയാൻ ഒരു ഡോക്ടർ തലപ്പത്തേക്ക്. അഞ്ചു വർഷമായി എം.കെ.വർഗീസിന്റെ 'പട്ടാള ഭരണത്തിന്' പിൻഗാമിയായി ഡോക്ടറെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. പ്രമുഖ ഗൈനോക്കോളജിസ്റ്റ് കൂടിയായ ഡോ.നിജി ജസ്റ്റിൻ ആദ്യമായിട്ടാണ് കൗൺസിലിൽ എത്തുന്നതെങ്കിലും മൂന്നു പതിറ്റാണ്ടോളമായി പൊതുപ്രവർത്തന രംഗത്ത് സജീവവാണ്. കിഴക്കുപാട്ടുകര ഡിവിഷനിൽ നിന്ന് ജയിച്ച് കൗൺസിലറായ ഡോ.നിജി ജസ്റ്റിൻ മേയർ സ്ഥാനത്തേക്ക് എത്തുമ്പോൾ പാർട്ടി പരിഗണിച്ചത് മൂന്നു പതിറ്റാണ്ട് കാലത്തെ സംഘടന പ്രവർത്തന പരിചയമാണ്. നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്.യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ്,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിള കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്നു പതിറ്റാണ്ടായി ഗൈനോക്കോളജിസ്റ്റായി തൃശൂരിൽ സേവനം ചെയ്യുന്നു. കോ-ഓപ്പറേറ്റീവ് ആശുപത്രി, ഹാർട്ട് / സൺ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചുണ്ട്. 25 വർഷം മുമ്പ് പ്രസവമുറിയിൽ ഭർത്താവിനെ പ്രവേശിപ്പിക്കുന്ന ചുവടുവെപ്പിന് തുടക്കം കുറിച്ച ഗൈനോക്കളജിസ്റ്റാണ്. പാസ്റ്റർ കൗൺസിൽ മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ലൂർദ്ദ് കത്തീഡ്രൽ ഇടവകയിലെ സെന്റ് ജോസഫ്‌സ് കുടുംബ കൂട്ടായ്മ വൈസ് പ്രസിഡന്റാണ്. ഇടവക പ്രതിനിധി യോഗം അംഗമാണ്. ലൂർദ്ദ് പള്ളി ലിറ്റർജി കമ്മിറ്റി അംഗമായും പ്രവർത്തിച്ച് വരുന്നു.
സംഘടനാ രംഗത്തെ നിറസാന്നിദ്ധ്യം
ഇനി ഡെപ്യുട്ടി മേയർ പദവിയിൽ
തൃശൂർ: തുടക്കം മുതൽ ഡെപ്യൂട്ടി മേയർ പദവിയിലേക്ക് ഉയർന്ന് വന്ന പേരാണ് എ.പ്രസാദ്. കോൺഗ്രസിന്റെ സമര രംഗത്തെ പ്രധാനിയാണ് ഇദ്ദേഹം. കെ.എസ്.യുക്കാലം മുതൽ പൊതുപ്രവർത്തന രംഗത്ത് സജീവം. രണ്ടാം തവണയാണ് കൗൺസിലറാകുന്നത്. നേരത്തെ കൗൺസിലറായിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ശ്രീശങ്കര കോളേജ് യൂണിയൻ ചെയർമാൻ, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്. ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം പ്രസിഡന്റെന്ന നിലയിൽ കാർഷിക മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വിവേകോദയം സ്കൂളിലെ അദ്ധ്യാപിക സി.രേഖയാണ് ഭാര്യ. മക്കൾ: നവനീത് കൃഷ്ണൻ, ഘനശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |